നടിയോട് അപമര്യാദ: ഒ.ഐ.സി.സി യൂത്ത്വിങ്  ഭാരവാഹിക്കെതിരെ കെ.പി.സി.സിക്ക് പരാതി നല്‍കും

മനാമ: ബഹ്റൈനിലെ പ്രവാസി സമൂഹത്തിനിടയില്‍ ഒ.ഐ.സി.സി.യെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നിരന്തരം അപമാനിക്കുന്ന ഒ.ഐ.സി.സി. യൂത്ത് വിങ് ഭാരവാഹിക്കെതിരെ സേവ് ഒ.ഐ.സി.സി. പ്രവര്‍ത്തകര്‍ കെ.പി.സി.സി. പ്രസിഡന്‍റിന് പരാതി നല്‍കും. സംഘടനയുടെ താക്കോല്‍ സ്ഥാനങ്ങള്‍ അലങ്കരിക്കുകയും പൊതുജനമധ്യത്തില്‍ സംഘടനയെ അപമാനിക്കുകയും ചെയ്യുന്ന ചില യൂത്ത്വിങ് ഭാരവാഹികളെ കുറിച്ച് നിലവിലുള്ള ഒ.ഐ.സി.സി. നേതൃത്വത്തിന് നിരവധി തവണ പരാതി നല്‍കിയിട്ടും അതിന്മേല്‍ അച്ചടക്ക നടപടി കൈക്കൊള്ളാത്തത്തില്‍ പ്രതിഷേധിച്ചാണ് സേവ് ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ കെ.പി.സി.സിയെ സമീപിക്കുന്നത്.
കഴിഞ്ഞ ദിവസം ബഹ്റൈനിലെ പരിപാടിയില്‍ പങ്കെടുക്കാനത്തെിയ സിനിമ നടിയെ മദ്യലഹരിയില്‍ അപമാനിക്കാന്‍ ഒ.ഐ.സി.സി. യൂത്ത്വിങ് ജനറല്‍ സെക്രട്ടറി ശ്രമിക്കുകയും സംഘാടകര്‍ കൈയേറ്റം ചെയ്ത് ഇറക്കിവിടുകയുമുണ്ടായി. 
സംഭവം പ്രസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. ഈ സംഭവം അറിഞ്ഞിട്ടും പുറംലോകം അറിയാതെ ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുക മാത്രമാണ് ഒ.ഐ.സി.സി. 
നേതൃത്വം ചെയ്തത്. ഇതിന് മുമ്പും മദ്യലഹരിയില്‍ ഈ ഭാരവാഹി സമാനമായ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരു മുന്‍ ജില്ലാ ഭാരവാഹിയുടെ കാര്‍ തകര്‍ത്ത കേസിലും ഈ യൂത്ത്വിങ് ഭാരവാഹി കുറ്റക്കാരനാണ്. അന്ന് കെ.പി.സി.സി സെക്രട്ടറിയുടെ മുന്നില്‍ നടന്ന ഒത്തുതീര്‍പ്പിലാണ് കാര്യങ്ങള്‍ അവസാനിച്ചത്.
കേരളം ഭരിക്കുന്ന യു.ഡി.എഫ്. സര്‍ക്കാര്‍ ശക്തമായ മദ്യനയവുമായി മുന്നോട്ടുപോകുകയും മദ്യപാനികളെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്യുമ്പോള്‍ പ്രവാസലോകത്ത് ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയുംകെട്ടി നോക്കി ഇരിക്കില്ല. 
കുറ്റാരോപിതനായ യൂത്ത്വിങ് ഭാരവാഹിയെ എത്രയും പെട്ടെന്ന് ഇപ്പോള്‍ വഹിക്കുന്ന സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ഒ.ഐ.സി.സി. നേതൃത്വം ആര്‍ജവം കാണിക്കണമെന്ന് സേവ് ഒ.ഐ.സി.സി.പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.