ഇന്ത്യന്‍ കമ്പനി ബഹ്റൈനില്‍ 150 ദശലക്ഷം ഡോളറിന്‍െറ അലൂമിനിയം പ്ളാന്‍റ് സ്ഥാപിക്കുന്നു

മനാമ: ബഹ്റൈന്‍ നിക്ഷേപ സ്ഥാപനമായ ‘മുംതലകാത്’ ഇന്ത്യന്‍ കമ്പനിയായ ‘സിനര്‍ജീസ് കാസ്റ്റിങ്സു’മായി ചേര്‍ന്ന് ബഹ്റൈനില്‍ 150 ദശലക്ഷം ഡോളറിന്‍െറ അലൂമിനിയം കമ്പനി സ്ഥാപിക്കുന്നു. ഇതിന്‍െറ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ 18 മാസം എടുക്കുമെന്നും 2017 അവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും ‘മുംതലകാത്’ ചീഫ് എക്സിക്യൂട്ടീവ് മഹ്മൂദ് അല്‍ കൂഹ്ജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇവിടെ അലൂമിനിയം കാസ്റ്റിങും പ്രത്യേക അലോയ് വീല്‍ നിര്‍മ്മാണവുമാണ് നടക്കുക. പ്രതിവര്‍ഷം 25,000 മെട്രിക് ടണ്‍ ആണ് ഉല്‍പാദനശേഷി. അതായത് രണ്ട് ദശലക്ഷത്തോളം അലോവ് വീലുകള്‍ ഇവിടെ ഓരോ വര്‍ഷവും നിര്‍മ്മിക്കാനാകും. ‘അല്‍ബ’ക്കു സമീപം വരുന്ന പുതിയ ഫാക്ടറിയില്‍ പുതുതായി 600 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. 
കമ്പനിയില്‍ ‘മുംതലകാതി’ന് 49 ശതമാനം ഓഹരിയുണ്ടായിരിക്കും. ഇതിനായുള്ള സ്ഥല ലഭ്യത, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങളുടെ മേല്‍നോട്ടം ‘മുംതലകാത്’ വഹിക്കും. ഫാക്ടറി രൂപകല്‍പന, അതിന്‍െറ സ്ഥാപനം, എഞ്ചിനിയറിങ്, സാങ്കേതിക വിദ്യ ഉറപ്പാക്കല്‍, നിര്‍മ്മാണം, മാര്‍ക്കറ്റിങ്, പ്രതിദിന മാനേജ്മെന്‍റ് തുടങ്ങിയ കാര്യങ്ങളുടെ ചുമതല സിനര്‍ജീസിനായിരിക്കും. 
സിനര്‍ജീസിന്‍െറ ഇന്ത്യക്കുപുറത്തുള്ള ആദ്യ സംരംഭമാണിതെന്ന് കമ്പനിയുടെ പ്രസിഡന്‍റ് ശേഖര്‍ മൊവ്വ പറഞ്ഞു. ജനറല്‍ മോട്ടോഴ്സ്, ഫോഡ്, ടൊയോട്ട, ടാറ്റ തുടങ്ങിയ പ്രമുഖ കാര്‍ കമ്പനികള്‍ക്ക് വര്‍ഷങ്ങളായി തങ്ങള്‍ അലോയ് വീല്‍ വിതരണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്റൈനിലെ അലൂമിനിയം ലഭ്യതയോടൊപ്പം ‘മുംതലകാത്തി’ന്‍െറയും ഇക്കണോമിക് ഡെവലപ്മെന്‍റ് ബോര്‍ഡിന്‍െറയും (ഇ.ഡി.ബി.)നിര്‍ലോഭമായ സഹകരണവും പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. നിലവില്‍ കമ്പനിക്ക് പ്രതിവര്‍ഷം 20 ശതമാനം വളര്‍ച്ചയുണ്ട്. ബഹ്റൈനിലെ പ്ളാന്‍റ് വരുന്നതോടെ, യൂറോപിലേക്കും യു.എസിലേക്കുമുള്ള ചരക്കുനീക്കം എളുപ്പമാകും. ഇവിടുത്തെ കുറഞ്ഞ നിരക്കിലുള്ള ഊര്‍ജ്ജ ലഭ്യതയും യു.എസ്-ബഹ്റൈന്‍ സ്വതന്ത്ര വ്യാപാര കരാറും വ്യവസായത്തിന് അനുകൂല ഘടകങ്ങളാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
സിനര്‍ജീസിനെ ബഹ്റൈനിലത്തെിക്കുന്നതില്‍ ഇ.ഡി.ബി.നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പുതിയ സംരംഭത്തിന് ഇ.ഡി.ബി തുടര്‍ന്നും വിപുലമായ പിന്തുണ നല്‍കും. പുതിയ പ്ളാന്‍റ് രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥക്ക് മുതല്‍ക്കൂട്ടാകുമെന്ന് ഇ.ഡി.ബി. ചീഫ് എക്സിക്യൂട്ടീവ് ഖാലിദ് അല്‍ റുമെയ്ഇ പറഞ്ഞു. രാജ്യത്തിന്‍െറ എണ്ണ ഇതര സാമ്പത്തിക ഘടകങ്ങളില്‍ അലൂമിനിയത്തിന് പ്രധാന സ്ഥാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്റൈനികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ പുതിയ സ്ഥാപനം കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 
അല്‍ബയുടെ ഉപഭോക്തൃ ശൃംഖല വ്യാപിപ്പിക്കാനാണ് മുംതലകാത് ശ്രമിക്കുന്നതെന്ന് അല്‍ കൂഹ്ജി പറഞ്ഞു. ഇതിനായി നേരിട്ടുള്ള വിദേശ നിക്ഷേപം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നുണ്ട്. സിനര്‍ജീസുമായുള്ള സഹകരണം ഇതിന് ഉദാഹരണമാണ്. പുതിയ ഫാക്ടറി പ്രവര്‍ത്തന സജ്ജമാകുന്നതോടെ അവര്‍ക്ക് അല്‍ബയുടെ ദ്രവ അലൂമിനിയത്തിന്‍െറ ഉല്‍പാദനം ഉപയോഗപ്പെടുത്താനാകും. ഇത് അലൂമിനിയം മേഖലയിലെ രാജ്യത്തിന്‍െറ നില കൂടുതല്‍ മെച്ചപ്പെടാന്‍ കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.