മനാമ: ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മെൽറ്ററുകളിലൊന്നായ (അയിരിൽനിന്ന് ലോഹം വേർതിരിച്ചെടുക്കുന്ന കമ്പനി) ആൽബയും സൗദി അറേബ്യൻ മൈനിങ് കമ്പനിയും (മാദീൻ) പരസ്പര സഹകരണത്തിനൊരുങ്ങുന്നു. ഇതോടെ ആഗോള അലൂമിനിയം വ്യവസായത്തിൽ ബഹ്റൈന്റെ സ്ഥാനം നിർണായകമാകാനും അതുവഴി തൊഴിലവസരങ്ങൾ വർധിക്കാനും സാധ്യതയേറുന്നു.
പ്രതിവർഷം 1.62 ദശലക്ഷം മെട്രിക് ടൺ (mtpa) ഉൽപാദന ശേഷിയുള്ള ആൽബ, 50 വർഷത്തെ പാരമ്പര്യമുള്ള ലോകത്തെ മുൻനിര അലൂമിനിയം സ്മെൽറ്ററാണ്. 2023ലെ കണക്കനുസരിച്ച്, ആൽബ ഏകദേശം 3,150 പേർക്ക് ജോലി നൽകുന്നുണ്ട്. മാദീനുമായുള്ള സഹകരണത്തോടെ ഉൽപാദനശേഷി വിപുലീകരിക്കപ്പെടും. മാത്രമല്ല ആഗോളതലത്തിലെ കമ്പനിയുടെ സാന്നിധ്യവും ശേഷിയും വർധിക്കുകയും ചെയ്യും.
ഓഹരി മൂല്യം വർധിക്കാനും പുതിയ സഹകരണം കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. പുതിയ പങ്കാളിത്തം ആൽബയുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ഏറ്റവും വലിയ പ്രാദേശിക അലൂമിനിയം നിർമാതാവ് എന്ന നിലയിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുമെന്ന് ആൽബ ചെയർമാൻ ഖാലിദ് അൽ റുമൈഹി പറഞ്ഞു.
ഈ സംയോജനം രണ്ട് കമ്പനികളെയും ഉൽപാദനം വർധിപ്പിക്കാനും ആഗോള സാന്നിധ്യം വിപുലീകരിക്കാനും പുതിയ ബിസിനസ് അവസരങ്ങൾ കണ്ടെത്താൻ സഹായിക്കുകയും ചെയ്യും.
പങ്കാളിത്തം ബഹ്റൈനും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ ബന്ധത്തെ കൂടുതൽ ആഴത്തിലാക്കും. മാത്രമല്ല, ബഹ്റൈനിന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായകമാകുമെന്നും മാദീൻ ചീഫ് എക്സിക്യൂട്ടിവ് ബോബ് വിൽറ്റ് പറഞ്ഞു.
അലൂമിനിയം ഉൽപാദന രംഗത്ത് പരിചയസമ്പന്നരായ രണ്ട് കമ്പനികളും സഹകരിക്കുന്നത് ആഗോളതലത്തിൽതന്നെ ബിസിനസ് രംഗത്ത് ചലനങ്ങൾ സൃഷ്ടിച്ചേക്കും.
ആദ്യഘട്ടത്തിൽ ഇരു കമ്പനികളും വിവരങ്ങൾ കൈമാറുകയും ബിസിനസ് കോമ്പിനേഷന്റെ തന്ത്രപരവും സാമ്പത്തികവുമായ നേട്ടങ്ങൾ വിലയിരുത്തുകയും ചെയ്യും. ഈ ചർച്ചകൾ കരാറിലേക്ക് വഴിതെളിച്ചേക്കാം. കരാർ നടപടികൾ പൂർത്തിയായാൽ സൗദി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ആൽബയുടെ ക്രോസ് ലിസ്റ്റിങ്ങിനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.