മനാമ: ഇറാനില്‍ നിന്ന് അടക്കമുള്ള ആക്രമണ ഭീഷണികള്‍ നേരിടുന്നതിന്‍െറ ഭാഗമായി ജി.സി.സി രാഷ്ട്രങ്ങള്‍ക്കായി മിസൈല്‍ പ്രതിരോധ കവചം ഒരുക്കുന്നു. അമേരിക്കന്‍ നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. റീജിയനല്‍ ബാലസ്റ്റിക് മിസൈല്‍ പ്രതിരോധം എന്ന പേരിലാണ് ഗള്‍ഫ് രാജ്യങ്ങളെ പുറംലോകത്തിന്‍െറ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കുന്ന വിധത്തില്‍ പദ്ധതി ആവിഷ്കരിക്കുന്നത്. പദ്ധതിയുടെ രൂപരേഖ സംബന്ധിച്ച് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഡോ. ആഷ്ടണ്‍ കാര്‍ട്ടറാണ് വെളിപ്പെടുത്തിയത്. അന്താരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിന്‍െറ (ഐ.ഐ.എസ്.എസ്) മേഖലാ സുരക്ഷാ ഉച്ചകോടിയായ 12ാമത് മനാമ ഡയലോഗിലാണ് ആഷ്ടണ്‍ കാര്‍ട്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കുകയും വിന്യസിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ കവചം ഒരുക്കല്‍ സുപ്രധാനമാണ്. ഈ സാഹചര്യത്തിലാണ് ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്ന് ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ കവചം സ്ഥാപിക്കുന്നതിന്‍െറ രൂപരേഖ തയാറാക്കിയിരിക്കുന്നത്. മിസൈല്‍ പ്രതിരോധ സംവിധാനം ഒരുക്കുന്നതിന് ഗള്‍ഫ് മേഖലയിലുള്ള സംവിധാനങ്ങളെ സംയോജിപ്പിക്കുകയും കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും.
വിവിധ രാജ്യങ്ങളില്‍ പാട്രിയോറ്റ് ബാറ്ററികള്‍ വിന്യസിച്ചിട്ടുണ്ട്. യു.എ.ഇയിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് എയര്‍ ഡിഫന്‍സ് സിസ്റ്റം, ഖത്തറില്‍ സ്ഥാപിക്കാനൊരുങ്ങുന്ന ഏര്‍ലി വാണിങ് റഡാര്‍ എന്നിവയെല്ലാം മിസൈല്‍ കവചത്തിന്‍െറ ഭാഗമാകും. ഇതോടൊപ്പം കൂടുതല്‍ സംവിധാനങ്ങള്‍ കൊണ്ടുവരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ആയുധ കള്ളക്കടത്ത് തടയേണ്ടതുണ്ടെന്നും ‘മിഡിലീസ്റ്റിന്‍െറ സ്ഥിരതയും അമേരിക്കന്‍ നയവും’ എന്ന സെമിനാറില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം അമേരിക്കയും സഖ്യകക്ഷികളും ഇറാനില്‍ നിന്ന് ആയുധങ്ങള്‍ കടത്തിയ നാല് കപ്പലുകള്‍ പിടികൂടിയിരുന്നു.
യമനിലേക്കാണ് ഈ ആയുധങ്ങള്‍ കടത്താന്‍ ശ്രമിച്ചതെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹ്റൈനിലെ ശക്തമായ നാവിക സാന്നിധ്യത്തിനൊപ്പം അമേരിക്കന്‍ നാവികസേന ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് പരിശീലനം നല്‍കാനും തയാറാണ്. സംയുക്ത പരിശോധനകള്‍ നടത്താനും ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. സൈബര്‍ പ്രതിരോധത്തിന് ആവശ്യമായ സഹായവും നല്‍കും. സൈബര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറാനിന് ശേഷിയുണ്ട്. ഇതോടൊപ്പം തീവ്രവാദികളും ഭീകരവാദികളും സൈബര്‍ ലോകം ഉപയോഗിക്കുന്നുണ്ട്. ഇന്‍റര്‍നെറ്റ് തെറ്റായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത് തടയുന്നതിന് പ്രതിരോധ തന്ത്രങ്ങളും നയങ്ങളും രൂപപ്പെടുത്തുന്നതിന് ആവശ്യമായ സഹായങ്ങളും ചെയ്യും.
മിഡിലീസ്റ്റില്‍ നിലവില്‍ 58000 അമേരിക്കന്‍ സൈനികരുണ്ട്. ഇറാഖിലും സിറിയയിലുമായി മാത്രം 5000ല്‍ അധികം അമേരിക്കന്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സൈനികരുടെ എണ്ണം സംബന്ധിച്ച് തീരുമാനിക്കുമെന്നും ഡോ.ആഷ്ടണ്‍ കാര്‍ട്ടണ്‍ പറഞ്ഞു. ഇറാഖിലും സിറിയയിലും ഐ.എസിന്‍െറ പരാജയം പൂര്‍ണമാകുന്നത് വരെ അമേരിക്കന്‍ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.