ദേശീയ ദിനം: ആഘോഷങ്ങളുമായി സ്ഥാപനങ്ങളും സംഘടനകളും 

മനാമ: ദേശീയ ദിനാഘോഷ പരിപാടികളുമായി വിവിധ സ്ഥാപനങ്ങളും സംഘടനകളും രംഗത്ത്. പ്രവാസി സംഘടനകളും രാജ്യത്തെ പ്രമുഖരായ കമ്പനികളും വിവിധ സര്‍ക്കാര്‍ അതോറിറ്റികളും വ്യത്യസ്തമായ പരിപാടികളാണ് ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. ഗള്‍ഫ് പെട്രോകെമിക്കല്‍ കമ്പനി കഴിഞ്ഞ ദിവസം ആസ്ഥാനത്ത് നടത്തിയ ആഘോഷ പരിപാടികളില്‍ തൊഴിലാളികളും ട്രേഡ് യൂനിയന്‍ പ്രതിനിധികളും കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. 
ഗള്‍ഫ് എയര്‍, ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി, ഗള്‍ഫ് എയര്‍ അക്കാദമി എന്നിവ സംയുക്തമായി ദേശീയ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. മുഹറഖിലെ ഗള്‍ഫ് എയര്‍ അക്കാദമിയില്‍ നടന്ന ആഘോഷങ്ങള്‍ക്ക് കമ്പനി മേധാവികളും ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി. അലൂമിനിയം ബഹ്റൈന്‍ (അല്‍ബ) കമ്പനി കഴിഞ്ഞ ദിവസം കമ്പനി ആസ്ഥാനത്ത് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. 
40 വര്‍ഷമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന രാജ്യത്തെ വലിയ കമ്പനിയായ അല്‍ബ രാജ്യത്തോടും ഭരണാധികാരികളോടും എന്നും കൂറുള്ളവരായിരിക്കുമെന്നും കമ്പനിയുടെ വളര്‍ച്ചക്ക് ഭരണാധികാരികള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സഹായവും പ്രോല്‍സാഹനവും മറക്കാന്‍ സാധിക്കില്ളെന്നും കമ്പനിയെ പ്രതിനിധീകരിച്ച് ധനകാര്യ ചീഫ് എക്സിക്യൂട്ടീവ് അലി അല്‍ബഖാലി പറഞ്ഞു. ഉത്തര മേഖല പൊലീസ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് നടന്ന ദേശീയ ദിനാഘോഷ പരിപാടി പൊലീസ് ഡയറക്ടര്‍ ഖലീഫ ബിന്‍ അഹ്മദ് ആല്‍ലഖീഫയുടെ രക്ഷാധികാരത്തില്‍ സംഘടിപ്പിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം ഡയറക്ടറേറ്റിലെ എല്ലാ ജീവനക്കാരും പരിപാടിയില്‍ സംബന്ധിച്ചു.  ബഹ്റൈന്‍ ഡിഫന്‍സ് ഫോര്‍സ് കഴിഞ്ഞ ദിവസം ഓഫീസേഴ്സ് ക്ളബ്ബില്‍ ദേശീയ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. 
ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും ഇതില്‍ പങ്കാളികളായി. ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ ഭരണാധികാരികള്‍ക്ക് ആശംസകള്‍ നേരുകയൂം രാജ്യത്തെ ശരിയായ ദിശയില്‍ നയിക്കാന്‍ അവര്‍ക്ക് ആയുരാരോഗ്യം നേരുകയും ചെയ്തു.  കഴിഞ്ഞ ദിവസം ബാബുല്‍ ബഹ്റൈനില്‍ വിവിധ കലാ പരിപാടികളോടെ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. 
ഇന്നും നാളെയും വിവിധ പ്രവാസി സംഘടനകള്‍ വ്യത്യസ്തങ്ങളായ പരിപാടികളുമായി ദേശീയ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ബഹ്റൈന്‍ കേരളീയ സമാജം, കെ.എം.സി.സി, ഒ.ഐ.സി, ഒ.വൈ.സി.സി, യൂത്ത് ഇന്ത്യ, ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍, പടവ് കുടുംബ വേദി തുടങ്ങി ഒട്ടുമിക്ക പ്രവാസി സംഘടനകളും പരിപാടികളുമായി രംഗത്തുണ്ട്. രക്ത ദാനം, മാജിക് ഷോ, കായിക മല്‍സരങ്ങള്‍, റോഡ് ഷോ, കലാ പരിപാടികള്‍ ഉള്‍പ്പെടുത്തിയുള്ള റാലികള്‍ തുടങ്ങി പ്രവാസികളുടെ വിവിധ തലങ്ങളിലുള്ള ചോദനകളെ തൃപ്തിപ്പെടുത്തും വിധമാണ് സംഘടനകള്‍ പരിപാടികള്‍ ആവിഷ്കരിച്ചിട്ടുള്ളത്. 
തുടര്‍ച്ചയായ നാല് ദിവസം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും അവധിയായതിനാല്‍ അതുപയോഗപ്പെടുത്തി മൂന്ന് ദിവസങ്ങളിലായാണ് മിക്കവാറും പരിപാടികള്‍ നടക്കുന്നത്. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT