കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് മെഡിക്കല്‍ ക്യാമ്പും എക്സിബിഷനും 26ന് 

മനാമ: ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിയില്‍ അഫിലിയേറ്റ് ചെയ്ത കാന്‍സര്‍ കെയര്‍ ഗ്രൂപ്പിന്‍െറ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് ഈ മാസം 26ന് മെഡിക്കല്‍ ക്യാമ്പും എക്സിബിഷനും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാലത്ത് ഒമ്പതുമുതല്‍ മൂന്നു മണിവരെ കേരളീയ സമാജത്തില്‍ വെച്ചാണ് പരിപാടി. 
ക്യാമ്പില്‍ വിവിധ വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. പ്രമേഹ, രക്തസമ്മര്‍ദ്ദ പരിശോധനക്ക് പുറമെ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് കൊളസ്ട്രോള്‍, തൈറോയ്ഡ്, ഹൃദയ സ്കാനിങ് എന്നിവയും നടത്തും.
കാന്‍സര്‍ പ്രതിരോധം,  ജീവിത ശൈലീരോഗങ്ങള്‍ എന്നിവയെക്കുറിച്ച് ഡോ.വി.പി.ഗംഗാധരന്‍ അടക്കമുള്ള പ്രഗല്‍ഭര്‍ ക്ളാസെടുക്കും. 
പ്രാഥമിക ചികിത്സ നല്‍കുന്നതിനുള്ള പരിശീലനം, പുകയില, മദ്യപാനം മൂലം വരാവുന്ന അസുഖങ്ങളെക്കുറിച്ചുള്ള ബോധവത്കരണ സ്റ്റാളുകള്‍, കൗണ്‍സിലിങ്, മാനസികാരോഗ്യ സ്റ്റാളുകള്‍, സുഷുംനയുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ പരിശോധന, ട്രാഫിക്, ഫയര്‍ ആന്‍റ് സേഫ്റ്റി ബോധവത്കരണം, വിവിധ ആശുപത്രികളുടെ സ്റ്റാളുകള്‍, ദന്ത,നേത്ര പരിശോധന എന്നിവയും ഒരുക്കുമെന്ന്  ഭാരവാഹികള്‍ അറിയിച്ചു. ഡോ.വി.പി.ഗംഗാധരന്‍ കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് വാര്‍ഷിക പരിപാടിക്കായി വെള്ളിയാഴ്ച എത്തും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത കാന്‍സര്‍ രോഗികളെ അദ്ദേഹം പരിശോധിക്കും. 
ബഹ്റൈന്‍ ആരോഗ്യവകുപ്പിലെയും, തൊഴില്‍ വകുപ്പിലെയും ഉന്നത വ്യക്തികളും, ഇന്ത്യന്‍ എംബസി പ്രതിനിധികളും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ് അന്ന് കാലത്ത് 10.30ന് നടക്കും. പോയവര്‍ഷം ഫെബ്രുവരിയില്‍, മാര്‍ത്തോമ പള്ളി വികാരിയായിരുന്ന ഫാ.രഞ്ജി വര്‍ഗീസ് മല്ലപ്പള്ളി രക്ഷാധികാരിയും, ഡോ.പി.വി.ചെറിയാന്‍ പ്രസിഡന്‍റും, കെ.ടി. സലിം ജനറല്‍ സെക്രട്ടറിയുമായാണ് കമ്മിറ്റി രൂപവത്കരിച്ചത്.  ഗ്രൂപ്പിന് ഇപ്പോള്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന ഉപദേശ സമിതിയും വനിതാ,സേവന വിഭാഗങ്ങളുമുണ്ട്. 
ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലയളവില്‍ ആരോഗ്യരംഗത്തെ എല്ലാ മേഖലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയതായി ഭാരവാഹികള്‍ പറഞ്ഞു. ആശുപത്രി സന്ദര്‍ശനം,  സ്കൂളുകള്‍, വിവിധ സംഘടനകള്‍ എന്നിവ മുഖേന നടത്തുന്ന ബോധവത്കരണം തുടങ്ങിയവ ഇതിന്‍െറ ഭാഗമാണ്. 
ഹൃദയാഘാതം മൂലമുള്ള പ്രവാസികളുടെ മരണ നിരക്കിലെ വര്‍ധന, മരണം സംഭവിച്ചാല്‍ ഒഴിവുദിവസങ്ങളില്‍ രേഖകള്‍ ശരിയാക്കുന്നതിന് വരുന്ന കാല താമസം തുടങ്ങിയ വിഷയങ്ങളില്‍ ബഹ്റൈന്‍ ആരോഗ്യ മേഖലയിലെ ഉന്നതരുമായും ഇന്ത്യന്‍ എംബസിയുമായും ചര്‍ച്ച നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
മെഡിക്കല്‍ ക്യാമ്പും എക്സിബിഷനും സൗജന്യമായാണ് സംഘടിപ്പിക്കുന്നതെന്ന് ഡോ.പി.വി.ചെറിയാന്‍, കെ.ടി.സലിം എന്നിവര്‍ പറഞ്ഞു.  
ട്രഷറര്‍ സുധീര്‍ തിരുനിലത്ത്, ജനറല്‍ കണ്‍വീനര്‍ അജയകൃഷ്ണന്‍ , എക്സിക്യൂട്ടീവ് അംഗങ്ങളായ ജോര്‍ജ് കെ.മാത്യു, അബ്ദുല്‍ സഹീര്‍, സര്‍വീസ് വിഭാഗം കണ്‍വീനര്‍ എം.എച്ച്. സെയ്താലി, ജോ.കണ്‍വീനര്‍ മാത്യു ജോര്‍ജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.