തീവ്രവാദികളുടെ സ്ഫോടന ശ്രമം  പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം

മനാമ: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തീവ്രവാദികള്‍ ആസൂത്രണം ചെയ്തിരുന്ന സ്ഫോടനങ്ങള്‍ പരാജയപ്പെടുത്താന്‍ സാധിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജനങ്ങളുടെയും പൊലീസ് സേനയുടെയും ജാഗ്രതയുടെ ഫലമായാണ് സ്ഫോടന ശ്രമങ്ങള്‍ പരാജയപ്പെടുത്തിയത്. ഇറാന്‍ വിപ്ളവ ഗാര്‍ഡുകളുടെയും ലബനാനിലെ ഹിസ്ബുല്ലയുടെയും പിന്തുണയുള്ള ‘ഖുറൂബുല്‍ ബസ്ത’ എന്ന രഹസ്യ ഗ്രൂപ്പാണ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 
അപകടകരമായ സ്ഫോടന പരമ്പരകള്‍ നടത്താനാണ് സംഘം ഉദ്ദേശിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 28 ന് സിത്രയിലുണ്ടായ ബോംബ് സ്ഫോടനവുമായി സംഘത്തിന് ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിലുള്‍പ്പെട്ട 33 കാരായ അലി അഹ്മദ് ഫഖ്റാവി, മുഹമ്മദ് അഹ്മദ് ഫഖ്റാവി എന്നിവരെ പിടികൂടിയിട്ടുണ്ട്. ഇവര്‍ അല്‍വഫാ അല്‍ ഇസ്ലാമി രഹസ്യ സംഘത്തിലുള്‍പ്പെട്ടവരും ‘ഖുറൂബുല്‍ ബസ്ത’ എന്ന ഗ്രൂപ്പിന്‍െറ നേതാക്കളുമാണ്. 2011ല്‍ ഇവര്‍ രണ്ട് പേരും ഇറാനിലേക്ക് പോവുകയും ആവശ്യമായ പരിശീലനം നേടുകയും ചെയ്തു. സാമ്പത്തിക-സാങ്കേതിക സഹായവും ഉറപ്പുവരുത്തി. സുഹൈര്‍ ആഷൂര്‍, ഹുസൈന്‍ അബ്ദുല്‍ വഹാബ് എന്നിവരോടൊപ്പം അലി അഹ്മദ് ഫഖ്റാവി ലബനാനില്‍ പോവുകയും ഹിസ്ബുല്ല സെക്രട്ടറി ഹസന്‍ നസ്റുല്ലയുമായും അസി. സെക്രട്ടറി നഈം ഖാസിം എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ 20,000 ഡോളര്‍ നല്‍കി. മറ്റ് നാലുപേര്‍ കൂടി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പ്രതികളാക്കപ്പെട്ടിട്ടുണ്ട്. വിവിധ കേസുകളില്‍ പ്രതിയും ഇറാനിലേക്ക് നാടുവിടുകയും ചെയ്ത മുര്‍തസ മജീദ് റമദാന്‍ അലവി, തീവ്രവാദ കേസിലുള്‍പ്പെട്ട് 2013ല്‍ പിടികൂടപ്പെടുകയും ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടയാളുമായ സുഹൈര്‍ ജാസിം മുഹമ്മദ് അബ്ബാസ്്, വിവിധ തീവ്രവാദ കേസുകളില്‍ പെട്ട് 2013 മെയ് മാസം അറസ്റ്റിലായ മുഹമ്മദ് അഹ്മദ് അബ്ദുല്ല സര്‍ഹാന്‍, ഹുസൈന്‍ അബ്ദുല്‍ വഹാബ് ഹുസൈന്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നിരിക്കുകയാണെന്നും മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.