പതിനേഴാം രാവിലെ ഉമ്മയുടെ നോമ്പുതുറയും ‘അരച്ചുവീത്തിയ’ കഞ്ഞിയും

നോമ്പനുഭവം ഓര്‍ത്തെടുക്കുമ്പോള്‍ ആദ്യമത്തെുക മനോഹരമായ ആ കുട്ടിക്കാലത്തെ നോമ്പുകാലം  തന്നെ. ചെറുപ്പത്തില്‍ അര നോമ്പുനോറ്റത്  ഓര്‍മയില്‍ തെളിഞ്ഞു വരുമ്പോള്‍ ചിരിക്കാതെ വയ്യ (പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍  ഇടക്ക് വെള്ളം കുടിച്ചു മുറിച്ച് കളയുമായിരുന്നു). എന്നാല്‍ റമദാന്‍ ഒര്‍മചെപ്പിലെ പ്രഥമ സ്ഥാനം  പതിനേഴാംരാവുകളില്‍   ഉമ്മ വീട്ടില്‍ നടത്താറുണ്ടായിരുന്ന നോമ്പ് തുറപ്പിക്കല്‍ തന്നെ. ഓര്‍മ വെച്ച കാലം മുതല്‍ക്കേ എല്ലാ റമദാനിലും ‘ബദരീങ്ങളുടെ’ ആണ്ടു ദിനത്തില്‍ ഉമ്മയുടെ വക യത്തീം കുട്ടികള്‍ക്കും വിധവകള്‍ക്കും അയല്‍ക്കാര്‍ക്കും  മാത്രമായി നോമ്പ് തുറപ്പിക്കലുണ്ടായിരുന്നു.

ഓറോട്ടിയും (അരിപത്തിരി) ഇറച്ചിയും പൊടിയരിക്കഞ്ഞിയും അവിയലും മറ്റു ചെറു പലഹാരങ്ങളുമായിരിക്കും വിഭവങ്ങള്‍. എത്തുന്നവരില്‍ കൂടുതലും കുട്ടി നോമ്പുകാരും. എല്ലാവര്‍ക്കും നിറഞ്ഞ സന്തോഷത്തോടെ ഉമ്മിച്ച തന്നെ വിളമ്പി കൊടുക്കും. മലബാറിലെ പോലെ വിഭവ സമൃദ്ധമായ നോമ്പ് തുറയല്ല കേട്ടോ. ഒരു ഇടത്തരം തെക്കന്‍ നോമ്പുതുറ. എല്ലാവരെയും വയറുനിറയെ കഴിപ്പിക്കുന്നതില്‍ എന്‍െറ ഉമ്മിച്ച കണ്ടിരുന്ന സന്തോഷം ഇന്നും മായാതെ ഓര്‍മയിലുണ്ട്. കുട്ടികളെല്ലാവരും നോമ്പ് തുറന്നു ഭക്ഷണ ശേഷം സ്വലാത്തും ചൊല്ലിയായിരിക്കും പിരിയുന്നത്. പിന്നീട് പരിസരത്തുള്ള

പള്ളികളിലും മറ്റും സമൂഹ നോമ്പ് തുറകള്‍ സജീവമായതോടെ വീട്ടിലെയും ആ പതിനേഴാംരാവിലെ നോമ്പ് തുറപ്പിക്കല്‍ കാലക്രമേണ ഇല്ലാതാവുകയായിരുന്നു.
നോമ്പ് വിഭവങ്ങളില്‍ ഏറെ ഇഷ്ടപ്പെട്ട്  ഇന്നും മുന്നില്‍ നില്‍ക്കുന്നത് ജീരക കഞ്ഞിയെന്നും ഒൗഷധ കഞ്ഞിയെന്നും പലപേരുകളിലറിയുന്ന ഞങ്ങള്‍ കൊല്ലം ജില്ലക്കാരുടെ  ‘അരച്ചുവീത്തിയ കഞ്ഞി’തന്നെ. ഇത്  കുട്ടിക്കാലത്ത് ആദ്യമായി വാത്സല്യപൂര്‍വ്വം  നല്‍കിയിരുന്നത് വാപ്പയുടെ മൂത്ത സഹോദരിയാണ്. ആ അരച്ച് വീത്തിയ കഞ്ഞിയുടെ രുചി ഇന്നും നാവിലുണ്ട്.ആ ശീലം ഇന്നും പ്രവാസലോകത്തും തുടരുന്നു.  ഇടക്കൊക്കെ ഈ ഇഷ്ടവിഭവം  സ്വന്തമായി തന്നെ തയാറാക്കി കഴിക്കാറുണ്ട്. എന്‍െറ നാട്ടില്‍ കൊല്ലം ചിന്നക്കട, പട്ടാളത്ത് പള്ളി എന്നിവിടങ്ങളിലെ ഈ ഒൗഷധ കഞ്ഞി വാര്‍ത്തകളില്‍ തന്നെ ഇതിനകം ഇടം നേടിയിട്ടുണ്ട്. വീട്ടില്‍ നിന്ന് ഏറെ ദൂരത്താണെങ്കിലും  കഞ്ഞിയുടെ രുചി  തേടി നോമ്പ് കാലത്ത് നാട്ടിലുള്ളപ്പോള്‍  ഈ പള്ളികളില്‍ നോമ്പ് തുറക്കാന്‍ പലപ്പോഴും എത്താന്‍ ശ്രമിക്കാറുമുണ്ട്.

പിന്നെ പുണ്യ മക്കയിലും മദീനയിലും നോമ്പ് തുറക്കാനുള്ള ഭാഗ്യവും നോമ്പനുഭവങ്ങളില്‍ പ്രധാനം തന്നെ. അറബികളുടെ ആതിഥേയത്വ മനസ്സ് എടുത്തു പറയാതെ വയ്യ. നാട്ടില്‍ സ്വന്തം വീട്ടുകാരുമായോ നാട്ടുകാരുമായോ നോമ്പ് തുറ നടത്തുമ്പോള്‍ പ്രവാസ ലോകത്ത് വിവിധ രാജ്യക്കാരോട് കൂടി നോമ്പ് തുറയില്‍ പങ്കെടുക്കാന്‍ കഴിയുന്നത് മറ്റൊരു ഭാഗ്യമായും കാണുന്നു. കുടുംബത്തോടൊപ്പമുള്ള നോമ്പുകാലം നൊമ്പരമായി നില്‍ക്കുന്നുണ്ടെങ്കിലും ബഹ്റൈനില്‍ കെ.എം.സി.സിയുടെ ഭാഗമായതോടെ നിരവധി സംഘടനകളുടെ സമൂഹ നോമ്പുതുറയില്‍ പങ്കെടുക്കുവാന്‍ കഴിയുന്നത് ഗൃഹാതുരത്വത്തിന്‍െറ കാഠിന്യം തെല്ളൊന്നുമല്ല  കുറക്കുന്നത്. ഇനിയുള്ള ഓര്‍മ ചെപ്പുകളില്‍ ഈ സ്നേഹദ്വീപിലെ നോമ്പുകാലവും  മങ്ങാതെ മായാതെ നിറഞ്ഞു നില്‍ക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.