മനാമ: സതേണ്‍ ഗവര്‍ണറേറ്റിലെ വിവിധ സ്ക്രാപ്യാഡുകളില്‍ അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടത്തെി. ചില സ്ക്രാപ്യാര്‍ഡുകള്‍ താല്‍ക്കാലിക തൊഴുത്തുകളും അറവുശാലകളുമാക്കി മാറ്റിയതായും കൗണ്‍സിലര്‍മാര്‍ കണ്ടത്തെി. ചിലയിടങ്ങളില്‍ വന്‍ അഗ്നിബാധക്ക് കാരമായേക്കാവുന്ന രാസവസ്തുക്കളുടെ ശേഖരവും കണ്ടു. ഇത്തരത്തില്‍ മൊത്തം 50ഓളം നിയമലംഘനങ്ങളാണ് ശ്രദ്ധയില്‍പെട്ടത്. ഇതിന്‍െറ വിവരങ്ങള്‍ പബ്ളിക് പ്രൊസിക്യൂഷന് കൈമാറിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ചായക്കടകള്‍ പോലുള്ള സ്ഥാപനങ്ങളും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സതേണ്‍ ഗവര്‍ണറേറ്റിലെ സ്ക്രാപ്യാര്‍ഡുകളുടെ അനധികൃത പ്രവര്‍ത്തനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ച സാഹചര്യത്തില്‍, വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്ന് കരുതുന്നു. ചില സ്ക്രാപ്യാഡുകളില്‍ മാഫിയ സംഘങ്ങള്‍ തമ്പടിക്കുന്നതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഇവിടെ പൊലീസ് റെയ്ഡ് നടത്തണമെന്ന അഭിപ്രായമാണ് കൗണ്‍സിലര്‍മാര്‍ക്കുള്ളത്. എന്നാല്‍, ഇതിനുമുന്നോടിയായി പബ്ളിക് പ്രൊസിക്യൂഷന്‍ വാറണ്ട് പുറപ്പെടുവിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സ്വകാര്യ ഉടമസ്ഥതയിലുള്ള ബിസിനസ് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്താനാകൂ. ഇവിടുത്തെ അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അടിയന്തര നടപടി വേണമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ അഹ്മദ് അല്‍ അന്‍സാരി പ്രാദേശിക പത്രത്തോട് പറഞ്ഞു.
സ്ക്രാപ്യാഡില്‍ ടയറുകള്‍ മുതല്‍ രാസവസ്തുക്കള്‍ വരെയുള്ള സാധനങ്ങളുണ്ട്. ഇത് ഗ്യാസ് വെല്ലില്‍ നിന്നും അധികം ദൂരയല്ലാത്ത സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു തീപ്പൊരി വീണാല്‍തന്നെ അത് വന്‍ അപകടത്തിന് കാരണമാകും. അത് അസ്കറിനെയാകെ ബാധിക്കുന്ന ദുരന്തമായി മിനിറ്റുകള്‍ക്കകം മാറുമെന്നും അദ്ദേഹം പറഞ്ഞു. വളരെ മോശം സാഹചര്യമാണ് അവിടെ നിലനില്‍ക്കുന്നത്. ചിലയിടങ്ങളില്‍ ചായക്കടകള്‍ പോലുള്ള നിര്‍മാണങ്ങളും കണ്ടു. ഇവിടേക്ക് കൗണ്‍സിലര്‍മാര്‍ക്ക് പ്രവേശം അനുവദിച്ചിട്ടില്ല. സതേണ്‍ ഗവര്‍ണറേറ്റിലാകെ ലൈസന്‍സുള്ള 75സ്ക്രാപ്യാഡുകളാണുള്ളത്. ഇതില്‍ പലതും ബഹ്റൈന്‍െറ കിഴക്കന്‍ തീരത്തുള്ള അസ്കറില്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇതിനകത്ത് പലരും സ്ഥലങ്ങള്‍ മേല്‍വാടകക്ക് കൊടുത്തതിനാല്‍ ആരാണ് സ്ഥാപനങ്ങളുടെ ഉടമകള്‍ എന്ന് തിരിച്ചറിയാനാകാത്ത പ്രശ്നമുണ്ട്. ഇവിടെ ജോലി ചെയ്യുന്നവരുടെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ടെന്നും അല്‍ അന്‍സാരി പറഞ്ഞു. പാവപ്പെട്ട തൊഴിലാളികള്‍ പല വിധ ഭീഷണികള്‍ക്ക് നടുവിലാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ക്രാപ്യാഡുകള്‍ നിയമപരിധികള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നതായി കൗണ്‍സിലിന്‍െറ ഫിനാന്‍ഷ്യല്‍, അഡ്മിനിസ്ട്രേറ്റീവ്,ലെജിസ്ലേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഖാല്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു. രാസവസ്തുക്കളും അപകടകമായ മറ്റ് സാധനങ്ങളും സൂക്ഷിച്ചത് നിയമം അംഗീകരിച്ചുള്ള നടപടിയല്ല. കമ്പ്യൂട്ടറൈസ് ചെയ്ത മാപ്പ് ഉപയോഗിച്ച് പരിശോധിച്ച വേളയിലാണ് പല ലംഘനങ്ങളും ശ്രദ്ധയില്‍ പെട്ടത്. ഇവിടെ നിയമലംഘനങ്ങള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.