നടിക്കെതിരായ അതിക്രമം: ഞെട്ടലും പ്രതിഷേധവുമായി പ്രവാസികളും

മനാമ: സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ഡല്‍ഹിയിലോ മറ്റേതെങ്കിലും വിദൂര നഗരങ്ങളിലോ അല്ല നടക്കുന്നതെന്നും സ്വന്തം വീടിനരികില്‍ തന്നെയാണെന്നുമുള്ള തിരിച്ചറിവിന്‍െറ ആഘാതത്തിലാണ് പ്രവാസലോകവും. 
ഗുണ്ടാസംഘങ്ങളും ക്വട്ടേഷന്‍ ഗ്രൂപ്പുകളും പിടിമുറുക്കുന്ന നാട്ടില്‍ എങ്ങനെയാണ് സ്വസ്ഥമായി സ്ത്രീകള്‍ പുറത്തിറങ്ങി നടക്കുക എന്ന ആശങ്കയാണ് ഈ വിഷയത്തില്‍ പലരും പങ്കുവെച്ചത്. കഴിഞ്ഞ ദിവസം എറണാകുളത്ത് നടിക്കുനേരെയുണ്ടായ ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ‘ഗള്‍ഫ് മാധ്യമവു’മായി സംസാരിക്കുകയായിരുന്നു അവര്‍.
വീട്ടിനകത്തും പുറത്തും തെരുവിലും തൊഴിലിടങ്ങളിലുമെല്ലാം സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള അടിയന്തര നടപടി ഉണ്ടാകണമെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ജയശ്രീ ഗോപിനാഥ് പറഞ്ഞു. 
സ്ത്രീകളെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് പരമ്പരയാവുകയാണ്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് കൈയൊഴിയാന്‍ അധികാരസ്ഥാനത്തുള്ളവര്‍ക്കോ നേതാക്കള്‍ക്കോ ആകില്ല. സ്വന്തം സഹോദരിയും അമ്മയും മകളും ഉള്‍പ്പെടുന്നതാണ് സ്ത്രീകള്‍ എന്ന് തിരിച്ചറിയാനുള്ള കഴിവുണ്ടായിരിക്കണമെന്ന് ശ്രീദേവി അനില്‍ അഭിപ്രായപ്പെട്ടു.
ചരിത്രപരമായി നിരവധി സ്ത്രീ പോരാട്ടങ്ങള്‍ നടന്ന ഇടമാണ് കേരളമെന്നും പുതിയ സാഹചര്യത്തില്‍ വീണ്ടും അത്തരം പ്രതിരോധങ്ങള്‍ ഉയരേണ്ടതുണ്ടെന്നും സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായ ടെസി തോമസ് പറഞ്ഞു. 
ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ പുതുതലമുറയിലെ പെണ്‍കുട്ടികള്‍ മുന്നോട്ട് വരണം. അടുക്കളയില്‍ ഒതുങ്ങാതെ സമൂഹത്തിലേക്ക് ഇറങ്ങിവന്ന് പ്രതികരിക്കണം. അതിക്രമങ്ങളുണ്ടായാല്‍ ഉടന്‍ അനുശോചനയോഗങ്ങളല്ല വേണ്ടത്. മറിച്ച് ആരാണോ ഉത്തരവാദി അവര്‍ക്കെതിരെയുള്ള നടപടിക്കായി സമരം ചെയ്യണമെന്നും അവര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ കുറേക്കൂടി ശക്തരായി എതിര്‍പ്പുകളെ നേരിടാന്‍ പഠിക്കണമെന്ന് ബഹ്റൈന്‍ യൂനിവേഴ്സിറ്റിയില്‍ ഡിഗ്രി വിദ്യാര്‍ഥിനിയായ സാരംഗി ശശിധരന്‍ പറഞ്ഞു. 
ഇരകള്‍ വേദനിക്കുകയും ഗോവിന്ദച്ചാമിയെപ്പോലുള്ളവര്‍ വിലസുകയും ചെയ്യുന്ന കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ സ്ത്രീകള്‍ തന്നെ പുറത്തുവന്ന് പ്രതികരിക്കണം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി നാം യോജിക്കേണ്ടിയിരിക്കുന്നു. ‘ദൈവത്തിന്‍െറ നാട് ചെകുത്താന്മാരുടെ നാടായി’മാറിയെന്നും അവര്‍ പറഞ്ഞു. അധികാരിവര്‍ഗം ഇത്തരം വിഷയങ്ങളില്‍ കുറേക്കൂടി ജാഗ്രത പാലിക്കണമെന്ന് കഥാകൃത്തും അധ്യാപികയുമായ ഷീജ ജയന്‍ പ്രതികരിച്ചു.നിയമത്തിലെ പഴുതുകളോ സംസ്കാര രാഹിത്യമോ ആണ് സ്ത്രീകള്‍ക്ക്നേരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തെരുവുനായ്ക്കായി നിയമയുദ്ധം നടക്കുന്ന കേരളത്തില്‍ സ്ത്രീക്ക് സുരക്ഷയില്ളെന്ന അവസ്ഥയാണിപ്പോള്‍. സ്വാധീനമുണ്ടെങ്കില്‍ എന്തും ചെയ്യാം എന്നതാണ് സ്ഥിതി. 
സ്ത്രീകളെ തേജോവധം ചെയ്യുന്ന മാധ്യമസംസ്കാരവും മാറേണ്ടതുണ്ടെന്ന് ബഹ്റൈന്‍ കേരളീയസമാജം വനിതാവേദി പ്രസിഡന്‍റ് മോഹിനിതോമസ് പറഞ്ഞു.സ്ത്രീകളുടെ നീതി ഉത്തരം കിട്ടാത്ത പ്രഹേളികയായി മാറുകയാണ്. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാന്‍ മടികാണിക്കരുത്. മക്കള്‍ക്ക് എല്ലാ മാനുഷിക മൂല്യങ്ങളും പകരാന്‍ ശ്രദ്ധിക്കണം. പുതിയ വാര്‍ത്തകള്‍ പേടിസ്വപ്നമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ആരും മടിക്കരുത്. ഇത്തരം വിഷയങ്ങളില്‍ പ്രത്യക്ഷ സമരങ്ങള്‍ക്ക് വഴിതെളിയണമെന്ന് അധ്യാപികയായ റാണി രഞ്ജിത്ത് അഭിപ്രായപ്പെട്ടു.മറ്റൊരാള്‍ക്കുനേരെ നീളുന്ന കൈകള്‍ നാളെ നമ്മുടെ സ്വന്തം സഹോദരിമാര്‍ക്കും നേരെ ഉയരുമെന്ന തിരിച്ചറിവുണ്ടാകണം.  ഈ സാമൂഹികദ്രോഹത്തിനെതിരെ എല്ലാവരും ഒരുമിക്കണമെന്നും അവര്‍ പറഞ്ഞു. 
   കേരളത്തില്‍ ഇപ്പോഴത്തെ അവസ്ഥ ഒറ്റ രാത്രി കൊണ്ടുണ്ടായതല്ളെന്ന് എഴുത്തുകാരി ശ്രീദേവി മേനോന്‍ പറഞ്ഞു. പല അവസരങ്ങളിലും പ്രതികരിക്കാതെ ഒളിച്ചും,  ഒതുക്കിയും നാം ഒരുക്കിക്കൊടുത്ത സ്വാതന്ത്ര്യങ്ങള്‍ക്ക്  മേല്‍ ചാരിയാണ് ഈ അതിക്രമങ്ങള്‍ തുടരുന്നത്. ഇപ്പോഴും, ‘രാത്രി എന്തിനാണ് ആ പെണ്‍കുട്ടി തനിച്ചു പോയത്’ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നവരാണ് നമുക്കു ചുറ്റുമെന്നും അവര്‍ പറഞ്ഞു.  സ്ത്രീകള്‍ക്കുനേരെ എന്തുമാകാം എന്ന ധാരണ അടിയന്തമായി തിരുത്തപ്പെടേണ്ടതുണ്ടെന്ന് ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക പാര്‍വതി ദേവദാസ് പറഞ്ഞു. ഇത്തരം സംഭവങ്ങളുടെ വിവരണങ്ങളുമായുള്ള റിപ്പോര്‍ട്ടുകള്‍ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ബോധവത്കരണ ശ്രമങ്ങള്‍ ഊര്‍ജിതമാക്കണം. നിയമം കര്‍ശനമായി നടപ്പാക്കുകയും വേണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.