ചെമ്മീന്‍ പിടിത്ത നിരോധനം നിലവിൽ വന്നു;  തമിഴ്​ മത്സ്യത്തൊഴിലാളികൾ മടങ്ങി

മനാമ: ബഹ്‌റൈനില്‍ ചെമ്മീന്‍ പിടിത്ത നിരോധനം നിലവില്‍ വന്നതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്​ മടങ്ങുന്നു. എട്ടുമാസം കടലില്‍ അധ്വാനിച്ചിട്ടും ഒഴിഞ്ഞ യാതൊരുസമ്പാദ്യവുമില്ലാതെയാണ്​ ഇവരുടെ മടക്കം.
കഴിഞ്ഞ വർഷം വരെ ബഹ്‌റൈനില്‍ നാലു മാസമായിരുന്നു ചെമ്മീൻ പിടിത്ത നിരോധനം. എന്നാൽ ഇൗ വർഷം അത്​  ആറുമാസമായി ദീര്‍ഘിപ്പിച്ചിരിക്കയാണ്. 
മുന്‍ കാലങ്ങളിലും മീന്‍പിടിത്ത നിരോധന കാലത്ത്​ തിരിച്ചു പോകാറുണ്ടെങ്കിലും ഇത്തവണ നിരാശയോടെയാണ്​ മടക്കമെന്ന്​  തൊഴിലാളികള്‍ പറയുന്നു. വിപരീത കാലാവസ്ഥ മൂലം എട്ടുമാസമായി ബഹ്‌റൈനിലുള്ള തൊഴിലാളികള്‍ക്ക്​ കഷ്​ടി ആറുമാസം മാത്രമാണ്​ ജോലിയുണ്ടായത്.  ഇതോടൊപ്പം ബഹ്‌റൈന്‍ സമുദ്രമേഖലയില്‍ ശക്തമാക്കിയ സുരക്ഷ പരിശോധന, ഇറാന്‍ അതിര്‍ത്തിയില്‍ നിന്നുള്ള ആക്രമണ ഭീഷണി തുടങ്ങിയ ​പ്രശ്​നങ്ങളെ അതിജീവിച്ചാണ്​ ജോലി ചെയ്തിരുന്നതെന്ന്​ തൊഴിലാളികള്‍ പറയുന്നു. നാട്ടില്‍ നിന്ന്​ കടലില്‍ പോയാല്‍ ലഭിക്കുന്നത്തിനപ്പുറമൊന്നും ബഹ്‌റൈനിൽ വന്നിട്ടും നേടാന്‍ കഴിഞ്ഞില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.  നാട്ടിലാണെങ്കില്‍ ദിവസം കിട്ടുന്നത് അന്നന്നു തീരും. ഇവിടെയാകുമ്പോള്‍ അല്‍പ്പം സമ്പാദ്യം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്​ ഗൾഫിലെത്തിയതെന്ന്​ തൊഴിലാളികള്‍ പറയുന്നു. 
മാസം നൂറു ദിനാറോളം മാത്രമാണ്​ ഒരു തൊഴിലാളിക്ക്​ ലഭിക്കുന്നത്. മൊത്തം പിടിക്കുന്ന മീന്‍ വിറ്റ വരുമാനത്തി​​െൻറ 60 ശതമാനം ഡീസല്‍ ചെലവിനായി മാറ്റിവെക്കണം. ബാക്കി വരുന്ന 40 ശതമാനം പകുതി ഉടമക്കുള്ളതാണ്. നാലു തൊഴിലാളികളാണ്​ ശരാശരി ഒരു ബോട്ടില്‍ ഉണ്ടാവുക. ഇതിൽ ബാക്കി വരുന്ന 20 ശതമാനം ഏഴായി വീതിച്ച്​ തൊഴിലാളികള്‍ക്ക്​ നാലും ഉടമക്ക്​ മൂന്നും എന്ന കണക്കിന്​ നൽകണം.  
ഇങ്ങിനെ വീതിക്കുമ്പോള്‍ തൊഴിലാളിക്ക്​ ഒരു ദിവസം വളരെ ചെറിയ തുകയാണ്​ കിട്ടുന്നത്​. വൈകീട്ട്​ നാലുമണിക്ക്​ കടലില്‍ പോയി പുലര്‍ച്ചെയാണ്​ ചെമ്മീന്‍ പിടിത്ത ബോട്ടുകള്‍ തിരിച്ചു വരുന്നത്. ചെമ്മീന്‍ പിടിക്കുന്നവര്‍ ഞണ്ട്, കൂന്തൾ എന്നിവയല്ലാതെ മറ്റൊന്നും പിടിക്കില്ല. 
വിസക്ക് 200 ദിനാർ നൽകിയാണ്​ പലരും ഇവിടെയെത്തിയത്​. വിമാന ടിക്കറ്റി​​െൻറ ചാര്‍ജും സ്വന്തം നിലയില്‍ നല്‍കണം. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ പരിചയമുള്ളവരാണ് ഈ തൊഴിലാളികളെല്ലാം. 
കന്യാകുമാരി ജില്ലയിലെ മുട്ടം, കുളച്ചല്‍, അഴീക്കല്‍, നാഗർകോവിൽ സ്വദേശികളാണ്​ ഭൂരിഭാഗവും.ബഹ്‌റൈൻ തീരക്കടലില്‍ ചെമ്മീന്‍ ധാരാളം ഉണ്ടായിരുന്ന അവസ്​ഥ മാറിയതിനാല്‍ ഇനിയും തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നില്ലെന്ന്​  ജോളി സേവ്യര്‍,  ജോണ്‍ ബോസ്‌കോ, വിക്ടര്‍,പെന്‍ജിന്‍, ലിയോ, ലോറന്‍സ് തുടങ്ങിയ തൊഴിലാളികള്‍ പറഞ്ഞു.  ബോട്ടില്‍ മീന്‍ കണ്ടെത്താനും അതിര്‍ത്തി നിര്‍ണയിക്കാനും ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. 
എന്നാലും അറിയാതെ അതിര്‍ത്തി മറികടക്കാനുള്ള സാധ്യതയുണ്ട്.  ഇറാനിൽ നിന്നെത്തുന്നവര്‍, തങ്ങള്‍ പിടിച്ച മത്സ്യം ഭീഷണിപ്പെടുത്തി തട്ടിയെടുക്കുന്ന സംഭവങ്ങള്‍ മുമ്പ്​ ധാരാളമുണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു. 
സിത്ര മേഖലയിൽ പതിനഞ്ചും ഇരുപതും തൊഴിലാളികള്‍ ഒരുമിച്ചാണ്​ ഒരു ഫ്ലാറ്റിൽ കഴിയുന്നത്​. മീന്‍ കറിയും കുബ്ബൂസും കഴിച്ച്​ ഇവിടെ കഴിയുന്നത്​ നാട്ടിലേക്ക്​ മടങ്ങു​േമ്പാൾ എന്തെങ്കിലും സമ്പാദ്യമുണ്ടാകും എന്ന വിശ്വാസത്തിലാണ്​.അത്​ സാധ്യമാകാത്ത സ്​ഥിതിയാണിപ്പോഴെന്ന്​ തൊഴിലാളികൾ പറഞ്ഞു.  
കൂട്ടായ്മ ശക്​തമായതിനാൽ നാട്ടില്‍ കല്യാണം പോലുള്ള ആവശ്യമുണ്ടാകു​േമ്പാൾ ഇവർ പണം സമാഹരിച്ച്​ അയക്കും. ക്രൈസ്തവ വിശ്വാസികളാണ്​ ഭൂരിഭാഗവും. ആഴ്ചയില്‍ ആരാധനക്കായി  ഒത്തുചേരാറുണ്ട്​. അത്യാഹിതങ്ങളും മറ്റും സഭവിക്കുമ്പോള്‍ മാത്രമാണ്  ഇവര്‍ പുറത്തുള്ള സംഘടനകളുടെ സഹായം തേടുന്നതെന്ന്​ ഒ.​െഎ.സി.സി. തിരുവനന്തപുരം ജില്ല പ്രസിഡൻറ്​ പൊഴിയൂര്‍ ഷാജി പറഞ്ഞു.
ആറുമാസം നീണ്ടു നില്‍ക്കുന്ന ചെമ്മീന്‍ പിടിത്ത നിരോധനം നിരവധി തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുമെന്ന ആശങ്കയുമായി  ബഹ്‌റൈന്‍ ഫിഷര്‍മെന്‍ സൊസൈറ്റി, സിത്ര ഫിഷര്‍മെന്‍ സൊസൈറ്റി എന്നീ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. പ്രശ്‌നത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അടിയന്തരമായി ഇടപെടണമെന്ന്​ ബഹ്‌റൈന്‍ ഫിഷര്‍മെന്‍ സൊസൈറ്റി ചെയര്‍മാന്‍ വഹീദ് അദ്ദൂസരി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.  
ചെമ്മീന്‍ പിടിത്തതിന്​ മാത്രം ലൈസസുള്ളതിനാല്‍ കടലില്‍ പോകുവനോ  മറ്റുമത്സ്യം പിടിക്കനോ ഇനി സാധിക്കാത്ത അവസ്ഥയാണുള്ളത്. 500ളം തൊഴിലാളികളെ നിരോധനം ബാധിക്കുമെന്ന്​ ബഹ്‌റൈന്‍ ഫിഷര്‍മെന്‍ സൊസൈറ്റി  ഭാരവാഹികള്‍ വ്യക്​തമാക്കി.
മാര്‍ച്ച് 15 മുതല്‍ സെപ്​തംബർ 15 വരെയാണ്​ നിരോധനം നിലനിൽക്കുന്നത്​. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.