മനാമ: എക്സിബിഷൻ വേൾഡിൽ ഗ്യാസ്ട്രോണമി ടൂറിസം 9ാമത് വേൾഡ് ഫോറത്തിന് തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നോയ്മി, ടൂറിസം മന്ത്രിയും ചെയർപേഴ്സനുമായ ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി എന്നിവർ പങ്കെടുത്തു.
യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ (യു.എൻ.ഡബ്ല്യു.ടി.ഒ), ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ), ബാസ്ക് ക്യുലിനറി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ബഹ്റൈനിന്റെ ടൂറിസം രംഗത്തെ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ അചഞ്ചലമായ പിന്തുണ നൽകുന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയോട് മന്ത്രി അൽ സൈറാഫി നന്ദി രേഖപ്പെടുത്തി.
ബഹ്റൈനെ ആതിഥേയ രാജ്യമായി തിരഞ്ഞെടുത്തതിന് യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷനോടും (യു.എൻ.ഡബ്ല്യു.ടി.ഒ) അവർ നന്ദി പറഞ്ഞു. ഗ്യാസ്ട്രോണമി ടൂറിസം ഒരു വ്യവസായം എന്നതിനേക്കാൾ സംസ്കാരങ്ങളെ ബന്ധിപ്പിക്കുന്നതാണെന്നും അവർ പറഞ്ഞു.
ബഹ്റൈനിലെ ടൂറിസം മേഖല 2023ൽ ഗണ്യമായ വളർച്ച കൈവരിച്ചു. സന്ദർശകരുടെ എണ്ണത്തിൽ 25 ശതമാനം വർധനവുണ്ടായി. വരുമാനത്തിൽ 32 ശതമാനം വർധന രേഖപ്പെടുത്തി. താമസ, ഭക്ഷണ സേവനങ്ങളിൽ 10.7 ശതമാനം വളർച്ചയുമുണ്ടായതായി മന്ത്രി വ്യക്തമാക്കി. ഗ്യാസ്ട്രോണമി എന്നത് ഒരു അനുഭവം മാത്രമല്ല, ബഹ്റൈന്റെ ടൂറിസം സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഒരു പ്രധാന സാമ്പത്തിക ചാലകമാണെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.
ബഹ്റൈൻ ഷെഫ് ലുൽവ സൊവൈലയുടെ ലൈവ് കുക്കിങ് ഷോയോടെയാണ് പരിപാടി ആരംഭിച്ചത്. വിവിധ ഫോറങ്ങളിൽ പാചക കല, ഗ്യാസ്ട്രോണമി ടൂറിസം മേഖലകളിലെ പ്രാദേശിക, അന്തർദേശീയ വിദഗ്ധർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.