രാജ്യത്തെ ജനകോടികൾ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ സ്ഥാനാർഥിയായി മത്സരിച്ച ഒരു തെരഞ്ഞെടുപ്പുകാലം ഓർമയിലേക്ക് കടന്നുവരികയാണ്. 1995ൽ ആണെന്ന് തോന്നുന്നു. വടകര നിയോജക മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറിയും ഒഞ്ചിയം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റുമായി സജീവ രാഷ്ട്രീയത്തിൽ നിലകൊള്ളുമ്പോഴാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുന്നത്. ജില്ല ലീഗ് ജനറൽ സെക്രട്ടറി പി.വി. മുഹമ്മദ് എം.എൽ.എയുടെ നിർദേശ പ്രകാരം മണ്ഡലം ലീഗ് പ്രസിഡന്റ് പി.കെ. കുഞ്ഞമ്മദ്ക്ക വിളിച്ചുപറയുന്നു പാർട്ടിയുടെ സ്ഥാനാർഥിയായി മുട്ടുങ്ങൽ ബ്ലോക്ക് പഞ്ചായത്തിൽ മത്സരിക്കാൻ.
ഒട്ടും വിജയപ്രതീക്ഷയില്ലാത്തതിനാലും എൽ.ഡി.എഫ് കോട്ട ആയതിനാലും ഒന്ന് മടിച്ചുനിന്നെങ്കിലും പാർട്ടിയുടെ നിർദേശം ശിരസ്സാവഹിച്ച് ഗോദയിലിറങ്ങി. ചോറോട് പഞ്ചായത്തിലെ ഏഴു വാർഡുകൾ ഉൾക്കൊള്ളുന്നതായിരുന്നു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ. രണ്ടു വാർഡുകളിൽ ലീഗ് ശക്തമാണെങ്കിലും ബാക്കി അഞ്ചിലും സി.പി.എമ്മിനായിരുന്നു മേൽക്കൈ. പോരാഞ്ഞിട്ട് ലീഗിൽനിന്ന് പിരിഞ്ഞ് സേട്ടു സാഹിബ് ഐ.എൻ.എൽ ഉണ്ടാക്കിയതും ആ സമയത്തായിരുന്നു.
നനഞ്ഞാൽ പിന്നെ കുളിക്കണമല്ലോ. ഏണി ചിഹ്നത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ഞാനും സൈക്കിൾ ചിഹ്നത്തിൽ ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർഥിയായി രാധാകൃഷ്ണൻ മാസ്റ്ററും. പോരാട്ടം മുറുകിയപ്പോൾ പ്രചാരണത്തിന് സമദാനി അടക്കമുള്ള പ്രമുഖർ ഡിവിഷനിൽ എത്തി. കോഴിക്കോട് ജില്ലയിലെ തന്നെ പ്രായം കുറഞ്ഞ യു.ഡി.എഫ് സ്ഥാനാർഥികളിൽ ഒരുവനായിരുന്ന ഞാൻ. എൽ.ഡി.എഫ് ശക്തികേന്ദ്രത്തിൽ 4300 വോട്ടുകൾ നേടി രാധാകൃഷ്ണൻ മാസ്റ്റർ ജയിച്ചപ്പോൾ 3200 വോട്ടർമാർ എന്നിലും വിശ്വാസം അർപ്പിച്ചു. 1100 വോട്ടുകളുടെ ഭൂരിപക്ഷം (കണക്കുകൾ ഓർമയിൽനിന്ന് എടുത്ത് എഴുതിയതാണ്). ഒരു കന്നിയങ്കത്തിൽ 23കാരന് കിട്ടിയ വോട്ടുകൾ അത്ര നിസ്സാരമായില്ലെന്ന് ഇപ്പോഴും അഭിമാനത്തോടെ ഓർക്കുന്നു.
ചില വാർഡുകളിലെ യു.ഡി.എഫ് സ്ഥാനാർഥികളെക്കാൾ ബ്ലോക്കിൽ എനിക്ക് കൂടുതൽ വോട്ട് കിട്ടിയതും ഓർമയിൽ തെളിഞ്ഞുനിൽക്കുന്നു. അന്നത്തെ തെരഞ്ഞെടുപ്പ് വരണാധികാരിയായിരുന്ന മാത്തോട്ടം ഡി.എഫ്.ഒ ഉത്തരേന്ത്യക്കാരൻ തോളിൽ തട്ടി അഭിനന്ദിച്ചത് മായാതെ നിൽക്കുന്നു.
എല്ലാ ദിവസവും വീട്ടിൽനിന്ന് സുഹൃത്തിനോടൊപ്പം മോട്ടോർ സൈക്കിളിൽ അവിടെയെത്തി ഓരോ വാർഡിലെയും കോൺഗ്രസ്-ലീഗ് പ്രവർത്തകർക്കൊപ്പം വീട് കയറി വോട്ടുചോദിക്കാൻ പോയതൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ അത്ഭുതം. സോഷ്യൽ മീഡിയ ഒന്നുമില്ലാതിരുന്ന കാലത്ത് വോട്ടർമാരെ നേരിൽ കണ്ട് വോട്ടു ചോദിക്കുക മാത്രമേ ഉള്ളൂ പോംവഴി. രാവിലെമുതൽ ഇരുട്ടാകും വരെ ഇടവഴികളും പാടങ്ങളും കുന്നും കുഴിയും കടൽത്തീരവും എല്ലാം നടന്നു തളരും. കൂടെയുള്ള പ്രവർത്തകരുടെ ആവേശവും ആത്മാർഥതയും നമുക്ക് പകർന്നു നൽകുന്ന ഊർജം ചില്ലറയല്ല.
രാജ്യത്തിന്റെ വിധി നിർണയിക്കുന്ന ഒരു വിധിയെഴുത്ത് കൈയെത്തും ദൂരത്ത് വന്നുനിൽക്കുമ്പോൾ 29 കൊല്ലം മുമ്പത്തെ സ്ഥാനാർഥിക്കാലം നിങ്ങളുമായി പങ്കുവെച്ചു എന്നുമാത്രം. രാജ്യം അതിന്റെ ആത്മാവിനെ തിരിച്ചുപിടിക്കാനൊരുങ്ങുമ്പോൾ പ്രവാസലോകത്തുനിന്ന് നമുക്കും മനസ്സുകൊണ്ട് പങ്കാളിയാവാം ജനാധിപത്യത്തിന്റെ ഈ ഉത്സവത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.