മനാമ: ബഹ്റൈനിലെ ആംഗ്ലിക്കൻ ബിഷപ്പാകുന്ന റവ. സീൻ സെമ്പിളിന്റെ മെത്രാഭിഷേകം വെള്ളിയാഴ്ച നടക്കും.
മനാമയിലെ സെന്റ് ക്രിസ്റ്റഫേഴ്സ് കത്തീഡ്രലിൽ വെള്ളിയാഴ്ച വൈകുന്നേരം ആറിനാണ് സ്ഥാനാരോഹണം.
അഭിഷേകം, സിംഹാസനാരോഹണം എന്നിവയോടുകൂടിയ വിശുദ്ധ കുർബാനയും നടക്കും. സ്ഥാനാരോഹണത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.ബുധനാഴ്ച വൈകുന്നേരം ഏഴിന് സെന്റ് ക്രിസ്റ്റഫേഴ്സ് കത്തീഡ്രലിൽ പ്രോഗ്രാം ആരംഭിക്കും. ബൈബിൾ സൊസൈറ്റിയുടെ മൈഗ്രേഷൻ ബൈബിളിന്റെ ബഹ്റൈൻ ലോഞ്ച് നടക്കും.
വ്യാഴാഴ്ച വൈകീട്ട് ഏഴിന് ഈസാ കൾച്ചറൽ സെന്ററിന്റെ പ്രസ് കോൺഫറൻസ് ഹാളിൽ ആർച്ച് ബിഷപ്പ് ഹോസാം നൗം പ്രസംഗിക്കും. ഫലസ്തീൻ-ഇസ്രായേൽ, സുഡാൻ, ഉക്രെയ്ൻ സംഘർഷങ്ങളിൽ നിന്ന് ലോകത്തിന് സമാധാനം എന്ന വിഷയത്തിൽ കിംഗ് ഹമദ് ഗ്ലോബൽ സെൻറർ ഫോർ പീസ്ഫുൾ കോ-എക്സിസ്റ്റൻസുമായി ചേർന്നാണ് പ്രഭാഷണം സംഘടിപ്പിക്കുന്നത്.ദക്ഷിണാഫ്രിക്കയിൽ ജനിച്ച റവ. സീൻ സ്പിരിച്വാലിറ്റിയിലും ക്ലിനിക്കൽ സൈക്കോളജിയിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, സൈപ്രസ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചു.
സൈപ്രസിലെയും ഗൾഫിലെയും ആംഗ്ലിക്കൻ രൂപത 1976ലാണ് സ്ഥാപിതമായത്. സൈപ്രസ്, ഒമാൻ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഇറാഖ്, യമൻ എന്നിവ രൂപതയിൽ ഉൾപ്പെടുന്നു. രൂപതയെ സൈപ്രസ്, ഗൾഫ് എന്നിങ്ങനെ രണ്ട് ആർച്ച്ഡീക്കനറികളായി തിരിച്ചിരിക്കുന്നു.
രണ്ട് കത്തീഡ്രലുകളും രൂപതക്കുണ്ട്.
സൈപ്രസിലെ സെന്റ് പോൾസ് കത്തീഡ്രലും, ബഹ്റൈനിലെ സെൻറ് ക്രിസ്റ്റഫേഴ്സ് കത്തീഡ്രലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.