മനാമ: അഞ്ചാമത് കിങ് ഹമദ് കാർഷിക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ കാർഷിക മേഖലക്ക് ശക്തി പകരാനും ഭക്ഷ്യസുരക്ഷക്ക് ആക്കം കൂട്ടാനുമാണ് അവാർഡ് നൽകുന്നതെന്ന് രാജപത്നിയും നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റ് ഉന്നത ഉപദേഷ്ടാവുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫ വ്യക്തമാക്കി. കാർഷിക മേഖലക്ക് ശക്തിപകരുന്നതിലൂടെ സാമ്പത്തിക രംഗത്തും നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് കരുതുന്നതായി അവർ പറഞ്ഞു. തദ്ദേശീയ കാർഷിക മേഖലക്ക് കരുത്ത് പകരാനും കാർഷിക രംഗത്ത് നിക്ഷേപ പദ്ധതികൾ ആകർഷിക്കാനും ഭക്ഷ്യ സ്വയംപര്യാപ്തത നേടാനും ഇത് സഹായകമാകുമെന്നും കരുതുന്നു. യുവാക്കളെ കൂടുതലായി കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതികളും തയാറാക്കുന്നുണ്ട്. മൂന്ന് മേഖലകളിലായാണ് അവാർഡുകൾ നൽകുക. ഏറ്റവും മികച്ച കാർഷിക പദ്ധതിക്ക് രണ്ട് അവാർഡുകളും മികവുറ്റ കാർഷിക ഉൽപന്നങ്ങൾക്കുള്ള അവാർഡുകളും ആദ്യ ഇനത്തിലുണ്ടാകും. രണ്ടാമിനത്തിൽ രാജ്യത്തെ ഏറ്റവും മികച്ച കർഷകനുള്ള അവാർഡാണ് നൽകുക. കാർഷിക പഠനത്തിനും ഗവേഷണത്തിനുമാണ് മൂന്നാം ഇനത്തിൽ ഉൾപ്പെടുക. മൊത്തം 40,000 ദിനാറിന്റെ അവാർഡുകളാണ് നൽകുന്നത്. ഏറ്റവും മികച്ച കാർഷിക പദ്ധതി ഇനത്തിൽ ഓരോരുത്തർക്കും 10,000 ദിനാർ വീതമാണ് നൽകുക.
മികച്ച കർഷക അവാർഡ് തുക 5,000 ദിനാർ വീതം രണ്ട് പേർക്കും, മികച്ച കാർഷിക പഠന, ഗവേഷണത്തിന് 5,000 ദിനാർ വീതം രണ്ടുപേർക്കുമാണ് നൽകുക. അവാർഡിനായി https://niadbh.com എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കാവുന്നതാണെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.