രഹസ്യങ്ങൾ ചുമക്കുന്ന വീടുകൾ
അറിയാമോ....
അടച്ചിട്ട മുറികൾക്കുള്ളിൽ
രാത്രി അടക്കിപ്പിടിച്ച
തേങ്ങലുകളുടെ മർമ്മരം
ഉണ്ടാവും
വെന്തു വേവുന്ന
ശരീരഭാഗങ്ങൾ
ഒരു താലി ചരടിന്റെ അധികാരമേറ്റാണ്
നിഗൂഢതകളുടെ കൂടാരമാണ്
മനസ്സെന്ന് തെളിയിപ്പിക്കുന്ന
ചിത്രം തരുകയാണ്
ചില വീടുകൾ
അറപ്പും മടുപ്പും
ഉളവാക്കാതെ
ചില കൊന്നൊടുക്കലുകൾ
വീട്ടിന്റെ നിശ്ശബ്ദതയിൽ
ഏതു സമയത്തും
എത്താവുന്നൊരു
അജ്ഞാത ഗായകനാവുന്നു
മരണം !
ചിരിയും സംസാരവും
കളിയും ഏറ്റുവാങ്ങിയ
മുറികൾക്കുള്ളിൽതന്നെ
മരണം ആർത്തനാദത്തോടെ
അഴിഞ്ഞാടുന്നു !
എല്ലാമെല്ലാമായി
കൂടെയുണ്ടായിരുന്നവരെ
മരണത്തിനു
പാകപ്പെടുത്തികൊടുക്കുന്നു
നിറം കെട്ടുപോയ
മനസ്സിന്റെ വിഘടിത ഭാവം
മരിക്കാൻ വേണ്ടിമാത്രം
മുളയ്ക്കുന്ന ചില
ചെടികളാവുകയാണ് ചിലർ
ആകാശത്തിന്നപ്പുറം
ആർക്കൊക്കെയോ
സ്ഥാനമെന്ന
ഉറപ്പിക്കപ്പെടുകയാണ്
ഭൂമിയിൽ നിന്നും അകന്നു പോയവർ
ഇരുളിൻ മറവിൽ
പുറത്തുചാടുന്ന ചെകുത്താൻ
മനസ്സുകൾ
അടഞ്ഞുകിടക്കുന്ന
ചില വീടുകളുടെ ശാപമാവുന്നു !
ഒട്ടും പ്രതീക്ഷിക്കാതെ
ഓടി കിതച്ചെത്തിയ മരണത്തെ
വരവേറ്റവരുടെ ഉടുപ്പുകൾ
കൊഞ്ഞനം കുത്തുന്നു
ഉപയോഗശൂന്യമായതിനാൽ
ഇതൊക്കെയാണെങ്കിലും
ചില വീടുകളുണ്ട് !
അത്രയും സുന്ദരമായ
ജാലകങ്ങളുടെ ആരേയും
ആകർഷിക്കുന്നു
മുറ്റം നിറയെ ചെടികളുള്ള
അകംനിറയെ സ്നേഹം
പൂത്തുനിൽക്കുന്ന
കൊച്ചു വീടുകൾ
കണ്ണും കരളും
സ്നേഹത്താൽ അളക്കപ്പെടുന്ന
പ്രകാശിതമായ വീടുകൾ
ഒരു പാടു ദുഃഖം ഒളിച്ചുവെച്ചു
ജീവിതം ഉത്സവമാക്കുന്ന
വീടുകളെ കാണാം
നാലുവരികൾ കൊണ്ടു നല്ലൊരു
കവിത കുറിക്കുന്നപോലെ
അടുക്കും ചിട്ടയും
അരുതായ്മകളില്ലാത്ത
ചേർത്തുപിടിക്കലുകൾ
മാത്രമുള്ള സുമനസ്സുകളുടെ
കുഞ്ഞു വീടുകൾ !
അവിടെ....ജീവിതങ്ങൾക്കു
വിലയുണ്ട്
നിശ്വാസങ്ങൾക്കു താളമുണ്ട്
വിശ്വാസങ്ങൾക്കു
പിന്തുണയുണ്ട്
ഒറ്റയിലൊരാൾക്കും
ഒരു വീടിനെ
ചന്തമുള്ളതാക്കാനാവില്ല !
മെനയണം സ്നേഹം
പകുത്തുവെച്ചൊരു വീട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.