മനാമ: സ്വയംഭരണ സംവിധാനം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രൈമറി ഹെൽത് സെൻററുകൾക്കായുള്ള സി.ഇ.ഒ ഡോ. ജലീല അൽ സായിദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാര്യക്ഷമതയും ഉയർന്ന നിലവാരവുമുള്ള ആരോഗ്യ സേവനങ്ങൾ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രഥമശുശ്രൂഷയെ അടിസ്ഥാനമാക്കിയ ആരോഗ്യസംവിധാനത്തെ പ്രോത്സാഹിപ്പിക്കാനും രോഗികൾക്ക് കൂടുതൽ ചികിത്സാസാധ്യതകൾ ഒരുക്കാനും 'ഫാമിലി മെഡിസിൻ' രീതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താനും സ്വയംഭരണ സംവിധാനത്തിലൂടെ സാധിക്കും.
ഇതിനു പുറമേ, നാഷനൽ ഹെൽത് ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ ആരോഗ്യ പരിരക്ഷ ശൃംഖലകൾ സ്ഥാപിക്കും. ഹെൽത് സെൻററുകളുടെ നിലവിലെ സ്ഥിതി വിലയിരുത്തിയതായും മന്ത്രിസഭ അംഗീകരിച്ച ദേശീയ ആരോഗ്യപദ്ധതിക്ക് അനുസൃതമായി സ്വയംഭരണ സംവിധാനത്തിന് കർമപദ്ധതി തയാറാക്കിയതായും ഡോ. ജലീല അൽ സായിദ് പറഞ്ഞു.
'നിങ്ങളുടെ ഡോക്ടറെ തിരഞ്ഞെടുക്കൂ' എന്ന പദ്ധതി ചില പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആരംഭിച്ചു. ഇത് മികച്ച ഫലമാണുണ്ടാക്കിയത്. വിട്ടുമാറാത്ത രോഗങ്ങൾ നേരത്തേ കണ്ടെത്താനും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കുന്നുണ്ട്.
പദ്ധതി ആരംഭിച്ച് ഒരു വർഷം പിന്നിടുേമ്പാൾ വിട്ടുമാറാത്ത രോഗങ്ങൾ കണ്ടെത്തുന്നതിൽ വർധനയുണ്ടായതായി ഡോ. ജലീല അൽ സായിദ് സൂചിപ്പിച്ചു. ഉയർന്ന രക്തസമ്മർദം 17 ശതമാനവും പ്രമേഹം 10 ശതമാനവും സ്തനാർബുദം മൂന്ന് ശതമാനവും പ്രോസ്റ്റേറ്റ് കാൻസർ 15 ശതമാനവും കൊളസ്ട്രോൾ അഞ്ച് ശതമാനവും വൃക്കരോഗം അഞ്ച് ശതമാനവും നേത്രരോഗം 13 ശതമാനവും അധികം കണ്ടെത്താനായി.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ എണ്ണം 2,231 ആയതായും സി.ഇ.ഒ പറഞ്ഞു. 465 ഡോക്ടർമാർ, 566 നഴ്സുമാർ, 813 അനുബന്ധ ജീവനക്കാർ, 292 അഡ്മിനിസ്ട്രേറ്റർമാർ എന്നിവർ ഉൾപ്പെടെയാണിത്. നിലവിൽ രാജ്യത്തെ ഒമ്പത് ഹെൽത് സെൻററുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.
ഹെൽത് സെൻററുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2021ൽ 36 ശതമാനം വർധിച്ചതായും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.