മനാമ: ബഹ്റൈനും ബ്രിട്ടനും തമ്മിലെ ബന്ധം ഊട്ടിയുറപ്പിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ബ്രിട്ടൻ സന്ദർശനം. 200ലധികം വർഷമായി നിലനിൽക്കുന്ന ശക്തമായ ബന്ധം കൂടുതൽ മേഖലകളിലേക്ക് വളരുന്നത് സന്തോഷകരമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായി നടത്തിയ കൂടിക്കാഴ്ചയിൽ കിരീടാവകാശി വ്യക്തമാക്കി. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആസ്ഥാനമായ ഡൗണിങ് സ്ട്രീറ്റ് 10ൽ നടന്ന കൂടിക്കാഴ്ചയിലും ചർച്ചയിലും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനും ബന്ധങ്ങൾ ശക്തമാക്കുന്നതിനുമുള്ള ആശയങ്ങൾ പങ്കുവെച്ചു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണാധികാരത്തിൽ ബഹ്റൈൻ കൈവരിച്ച നേട്ടങ്ങൾ അസൂയാർഹമാണെന്ന് കെയ്ർ സ്റ്റാർമർ ചൂണ്ടിക്കാട്ടി. നേതാക്കളുടെ പരസ്പര സന്ദർശനം ബന്ധങ്ങൾ കരുത്തുറ്റതാക്കാൻ സാധിക്കുമെന്നും ഈയർഥത്തിലുള്ള പ്രിൻസ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയുടെ സന്ദർശനം ഏറെ ആഹ്ലാദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും അറബ് മേഖലയിലെ സമാധാന വഴികളും ചർച്ചയായി. മേഖലയിൽ സമാധാനം സ്ഥാപിക്കാൻ ബ്രിട്ടൻ പോലുള്ള രാജ്യങ്ങളുടെ ശക്തമായ ഇടപെടൽ അനിവാര്യമാണെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി. ലോകത്ത് സമാധാനപൂർണമായ അന്തരീക്ഷം സാധ്യമാക്കാൻ നയതന്ത്രപൂർവമായ ഇടപെടലുകളും സമീപനങ്ങളും ആവശ്യമാണെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.
ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, ബ്രിട്ടനിലെ ബഹ്റൈൻ അംബാസഡർ ശൈഖ് ഫവാസ് ബിൻ മുഹമ്മദ് ആൽ ഖലീഫ, പ്രധാനമന്ത്രിയുടെ ഓഫിസ് ഡയറക്ടർ ഹമദ് ബിൻ യഅ്ഖൂബ് അൽ മഹ്മീദ് എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.