മനാമ: ബഹ്റൈൻ ഫിലിം ഫെസ്റ്റിവലിന്റെ നാലാം പതിപ്പിന് പ്രൗഢോജ്വല തുടക്കം. വിവിധ രാജ്യങ്ങളിൽനിന്നുള്ള ലോകോത്തര സിനിമ പ്രവർത്തകരും അഭിനേതാക്കളുമടക്കം സന്നിഹിതരായിരുന്ന ചടങ്ങിൽ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ അൽ നുഐമി സന്നിഹിതനായിരുന്നു.
ഇൻഫർമേഷൻ മിനിസ്ട്രി, ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസ്, സൗദി ഫിലിം കമീഷൻ എന്നിവയുടെ പിന്തുണയോടെ നവംബർ ഏഴുവരെ മറാസി ഗലേറിയയിലാണ് ഫെസ്റ്റിവൽ. ‘മനാമ: കാപിറ്റൽ ഓഫ് അറബ് മീഡിയ’ പദ്ധതിയുടെ ഭാഗമായാണ് ഇത്തവണ ഫെസ്റ്റിവൽ.
അറബ് ലോകത്തെ പ്രമുഖ താരങ്ങളെയും ചലച്ചിത്ര പ്രവർത്തകരെയും സ്വാഗതം ചെയ്യുന്ന റെഡ് കാർപെറ്റ് ചടങ്ങോടെയാണ് മേള ആരംഭിച്ചത്. ഉദ്ഘാടനച്ചടങ്ങിനുശേഷം അറബ് സിനിമക്ക് സംഭാവന നൽകിയ വിശിഷ്ട വ്യക്തികളായ സൗദി സംവിധായകൻ സലേഹ് അൽ-ഫൗസാൻ, ഈജിപ്ഷ്യൻ നടി സാവ്സൻ ബദർ തുടങ്ങിയവരെ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ അൽ നുഐമി ആദരിച്ചു.
അറബ് ആർട്ടിസ്റ്റ് യൂനിയൻ വൈസ് പ്രസിഡന്റും ബഹ്റൈനിയിലെ മുൻനിര നടനും സംവിധായകനുമായ ബസ്സം അൽ തവാദി അടക്കം പ്രമുഖർ സന്നിഹിതരായിരുന്നു.
89 ഹ്രസ്വ അറബ് സിനിമകളാണ് നാലാം പതിപ്പിൽ പ്രദർശിപ്പിക്കുന്നത്. ഷോർട്ട് നറേറ്റിവ് ഫിലിം, ഷോർട്ട് ഡോക്യുമെന്ററി ഫിലിം, ആനിമേറ്റഡ് ഫിലിം, ബഹ്റൈൻ സിനിമകൾ, സ്റ്റുഡന്റ് ഫിലിമുകൾ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാണ് ഫെസ്റ്റിവലിൽ ഉൾപ്പെടുന്നത്.
ശിൽപശാലകൾ, സെമിനാറുകൾ, സിനിമാ പ്രദർശനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും മറാസി ബഹ്റൈനിലെ റീൽ സിനിമാസ് ഉൾപ്പെടെ വേദികളിൽ നടക്കും. പ്രമുഖ ഈജിപ്ഷ്യൻ നടി മോണ സാക്കിയെ ഫെസ്റ്റിവലിന്റെ വിശിഷ്ടാതിഥിയായെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.