മനാമ: സാഹിത്യത്തിലെ സമഗ്ര സംഭാവനക്ക് ബഹ്റൈൻ കേരളീയ സമാജം നൽകിവരുന്ന സാഹിത്യ അവാർഡിന് പ്രഫ. ഓംചേരി എൻ.എൻ. പിള്ളയെ തിരഞ്ഞെടുത്തതായി പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര എന്നിവർ അറിയിച്ചു. മലയാള സാഹിത്യത്തിനും ഭാഷക്കും നൽകി വരുന്ന സംഭാവനകളെ മുൻനിർത്തിയാണ് പുരസ്കാരം നൽകുന്നത്.
ആധുനിക മലയാള നാടക സാഹിത്യത്തിനും നാടക വേദിക്കും മറക്കാനാവാത്ത സംഭാവന നൽകിയ പ്രതിഭാശാലിയാണ് ഓംചേരി എൻ.എൻ. പിള്ള എന്ന് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. അദ്ദേഹത്തിെൻറ തേവരുടെ ആന, പ്രളയം തുടങ്ങിയ നാടകങ്ങൾ ആ മേഖലയിലെ പ്രധാന സംഭാവനകളാണ്. ഒട്ടേറെ ഏകാങ്കങ്ങളും ലഘുനാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കവിതയിലും ഗദ്യ സാഹിത്യത്തിലും അദ്ദേഹത്തിെൻറ ശ്രദ്ധേയ സംഭാവനകൾ ഉണ്ട്. ഏഴ് പതിറ്റാണ്ടോളമായി ഡൽഹിയിൽ പ്രവർത്തിക്കുന്ന അദ്ദേഹം പ്രവാസി മലയാളികൾക്കിടയിൽ കേരള സംസ്കാരത്തെയും മലയാള സാഹിത്യത്തെയും പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ പ്രഫ. ഓംചേരി മലയാള രാജ്യത്തിലെ പത്രപ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്തേക്കു വരുന്നത്. പിന്നീട് ഇന്ത്യ സർക്കാറിെൻറ ഇൻഫർമേഷൻ സർവിസിലും ഒാൾ ഇന്ത്യ റേഡിയോ, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, പബ്ലിക് റിലേഷൻ ഡിപ്പാർട്മെൻറ് എന്നിവയിലും ഉയർന്ന പദവികൾ വഹിച്ചു. എം. മുകുന്ദൻ അധ്യക്ഷനായും ഡോ. കെ.എസ്. രവികുമാർ, ഡോ. വി.പി. ജോയി, പി.വി. രാധാകൃഷ്ണപിള്ള എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തി പത്രവും ശിൽപവും ഉൾപ്പെടുന്നതാണ് പുരസ്കാരം.
കോവിഡ് മാനദണ്ഡം പാലിച്ച് അവാർഡ് ദാന ചടങ്ങ് ഡൽഹിയിൽ സംഘടിപ്പിക്കുമെന്നും തീയതിയും മറ്റ് വിശദാംശങ്ങളും പിന്നീട് അറിയിക്കുമെന്നും ബഹ്റൈൻ കേരളീയ സമാജം വാർത്തക്കുറിപ്പിൽ അറിയിച്ചു. 2000 മുതലാണ് ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്കാരം ഏര്‍പ്പെടുത്തിയത്.
മുന്‍വര്‍ഷങ്ങളില്‍ എം.ടി. വാസുദേവന്‍നായര്‍, എം. മുകുന്ദന്, ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി, കെ.ടി. മുഹമ്മദ്, സി. രാധാകൃഷ്ണന്, കാക്കനാടന്, സുകുമാര്‍ അഴീക്കോട്, സേതു, സച്ചിദാനന്ദന്, ടി. പത്മനാഭൻ, പ്രഫ. എം.കെ. സാനു, പ്രഫ. കെ.ജി. ശങ്കരപ്പിള്ള, കാവാലം നാരായണ പണിക്കര്‍, സക്കറിയ, പ്രഭാവർമ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.