മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കേരളീയ സമാജം ഒരുക്കുന്ന നൃത്ത സംഗീത പരിപാടിയായ ‘ധും ധലാക്ക സീസൺ 6’ ചൊവ്വാഴ്ച രാത്രി 6.30ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും. അഞ്ച് വർഷങ്ങളിലായി നടന്നുവരുന്ന ധും ധലാക്കയുടെ ആറാം പതിപ്പിന്റെ മുഖ്യ ആകർഷണം പ്രശസ്ത നർത്തകനും നൃത്തസംവിധായനും നിരവധി ഡാൻസ് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനുമായ നീരവ് ബവ്ലേച്ച, ഐഡിയ സ്റ്റാർ സിങ്ങർ എന്ന സംഗീത മത്സര വിജയിയും പ്രശസ്ത ഗായകനും വയലിനിസ്റ്റുമായ വിവേകാനന്ദൻ എന്നിവരാണ്. ഇവരോടൊപ്പം ബഹ്റൈനിലെ പ്രഗത്ഭരായ നൂറോളം കലാകാരന്മാരും നൃത്തസംഗീത വിസ്മയക്കാഴ്ചയിൽ അണിചേരും.
സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മഹനീയ സന്ദേശം ലോകത്തിനു മുന്നിൽ പകർന്നുനൽകിക്കൊണ്ട് 53ാം ദേശീയ ദിനമാഘോഷിക്കുന്ന ബഹ്റൈന് ഐക്യദാർഢ്യവും ആശംസകളും അർപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് സമാജം കലാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ധുംധലാക്കയുടെ പുതിയ പതിപ്പ് സംഘടിപ്പിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും വാർത്തസമ്മേളനത്തിൽ അറിയിച്ചു.സംഗീതം, നൃത്തം, വിനോദം എന്നിവയുടെ സമ്പൂർണ സമന്വയത്തോടെ, ബഹ്റൈനിലെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെ പ്രകീർത്തിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പരിപാടിയിൽ ബഹ്റൈനിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും. കലാവിഭാഗം കൺവീനർ ദേവൻ പാലോടിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ധുംധലാക്ക സീസൺ 6 ന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ധുംധലാക്ക സീസൺ 6 ഇതുവരെ നടന്നതിൽ മികച്ചതായിരിക്കുമെന്നും അവിസ്മരണീയമായ ഒരു അനുഭവം കാണിക്കൾക്ക് ഉറപ്പുനൽകുന്നുവെന്നും പരിപാടി കാണുന്നതിന് പ്രവേശനം സൗജന്യമാണെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39498114 എന്ന നമ്പറിൽ സുനേഷ് സാസ്കോയെയോ 36808098 എന്ന നമ്പറിൽ മനോജ് സദ്ഗമയയെയോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.