മനാമ: നവംബർ പതിനഞ്ചിന് ഗലാലിയിൽവെച്ച് നടക്കുന്ന പതിനാലാം എഡിഷൻ ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ മുന്നോടിയായി സാംസ്കാരിക സഭ സംഘടിപ്പിച്ചു. മലയാള നാടിനെ എഴുന്നേറ്റു നിൽക്കാൻ പ്രാപ്തമാക്കിയതിൽ ഒന്നാം സ്ഥാനമാണ് പ്രവാസി സമൂഹത്തിനുള്ളതെന്ന് സഭ അഭിപ്രായപ്പെട്ടു. കേരള സമ്പദ്ഘടനയുടെ സുപ്രധാന ഊർജ സ്രോതസ്സായി പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണം വർധിക്കുന്നുണ്ടെന്നും പ്രവാസി സമൂഹത്തിന്റെ ഭാവികൂടി മുന്നിൽ കണ്ടുള്ള നിക്ഷേപമാണ് നാടിനാവശ്യമെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.
നാടുവിട്ട് പ്രവാസ ഭൂമിയിലെത്തിയിട്ടും സാംസ്കാരിക പ്രവർത്തനങ്ങളിൽ മലയാളി സമൂഹം കാണിക്കുന്ന സജീവതയെ സാംസ്കാരിക സഭ സന്തോഷപൂർവം വരച്ചുകാട്ടി. കേരളത്തിന്റെ സാഹിത്യ സാംസ്കാരിക മണ്ഡലത്തിലേക്ക് ഈടുറ്റ പ്രതിഭകളെ സംഭാവന ചെയ്യുന്നതിൽ പ്രവാസത്തിന് വലിയ പങ്കുണ്ടെന്ന് ബെന്യാമിനെ ഉദാഹരിച്ച് സഭ സമർഥിച്ചു.
ഈ മാസം പതിനഞ്ചിന് നടക്കുന്ന നാഷനൽ പ്രവാസി സാഹിത്യോത്സവിൽ മാപ്പിളപ്പാട്ട്, ഖവാലി, നശീദ, പ്രസംഗം, കവിതാ പാരായണം തുടങ്ങി എഴുപതോളം ഇനങ്ങളിൽ ഒമ്പത് വിഭാഗങ്ങളിലായി കലാ സാഹിത്യ മത്സരങ്ങൾ നടക്കും. വൈകീട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി 153 അംഗങ്ങൾ ഉൾക്കൊള്ളുന്ന സ്വാഗതസംഘം പ്രവർത്തിച്ചു വരുന്നുണ്ട്.
റാസുറുമാൻ കാലിക്കറ്റ് ഫുഡ് സ്റ്റോറീസ് ഹാളിൽ നടന്ന സാംസ്കാരിക സഭ ഒ.ഐ.സി.സി ഗ്ലോബൽ എക്സിക്യൂട്ടിവ് അംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഇ.എ. സലീം, മീഡിയവൺ ബഹ്റൈൻ ചീഫ് സിറാജ് പള്ളിക്കര, പ്രവാസി രിസാല എക്സിക്യൂട്ടിവ് എഡിറ്റർ വി.പി.കെ. മുഹമ്മദ്, അബൂബക്കർ ഇരിങ്ങണ്ണൂർ, ഐ.സി.എഫ് ഗുദൈബിയ്യ സെൻട്രൽ ദഅവാ സെക്രട്ടറി അഹ്മദ് സഖാഫി, ആർ.എസ്.സി നാഷനൽ സംഘടനാ സെക്രട്ടറി മുഹമ്മദ് സഖാഫി ഉളിക്കൽ, കെ.സി.എഫ് പ്രതിനിധി വേണൂർ മുഹമ്മദ് അലി മുസ്ലിയാർ, ഫഖ്റുദ്ദീൻ കാഞ്ഞങ്ങാട്, അബ്ദുള്ള രണ്ടത്താണി, ഹാശിം പള്ളിക്കണ്ടി എന്നിവർ സംസാരിച്ചു. ആർ.എസ്.സി ബഹ്റൈൻ ചെയർമാൻ ശിഹാബ് പരപ്പ അധ്യക്ഷത വഹിച്ച പരിപാടിയിൽ കലാലയം സെക്രട്ടറി സഫ്വാൻ സഖാഫി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.