മനാമ: അന്താരാഷ്ട്ര തലത്തിൽ ശാന്തിയും സമാധാനവും സാധ്യമാക്കുന്നതിനെയാണ് ബഹ്റൈൻ പിന്തുണക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി വ്യക്തമാക്കി.
യുഗാണ്ടൻ തലസ്ഥാന നഗരമായ കംബാലയിൽ നടക്കുന്ന ചേരിചേരാ രാഷ്ട്ര ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സംസ്കാരങ്ങളും മതങ്ങളും നാഗരികതകളും തമ്മിൽ സംവാദാത്മകമായ സൗഹാർദത്തിനാണ് ബഹ്റൈൻ ഊന്നൽ നൽകുന്നത്. യുവാക്കളുടെ ശാക്തീകരണത്തിലൂടെ അവരെ രാജ്യത്തിന്റെ നിർമാണപ്രക്രിയയിൽ പങ്കാളികളാക്കാനും സാധിക്കേണ്ടതുണ്ട്. വിവിധ രാജ്യങ്ങളും സംസ്കാരങ്ങളുമായി ആഴത്തിലുള്ള ബന്ധമാണ് ബഹ്റൈൻ ആഗ്രഹിക്കുന്നതെന്നും അതുവഴി സമാധാനവും സഹവർത്തിത്വവും സാധ്യമാകുമെന്നും കരുതുന്നു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും അഭിവാദ്യങ്ങൾ അദ്ദേഹം ചേരിചേരാ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് നേർന്നു.
യു.എൻ നയങ്ങൾക്കനുസൃതമായി ചേരിചേരാ നയം സ്വീകരിക്കുകയും മനുഷ്യാവകാശത്തിലും വികസന സങ്കൽപത്തിലും ഊന്നി പ്രവർത്തിക്കാൻ കഴിയുമെന്ന ശുഭാപ്തിയും അദ്ദേഹം പ്രകടിപ്പിച്ചു. നയതന്ത്രപരമായും ചർച്ചകളിലൂടെയും മേഖലയിലെ യുദ്ധങ്ങളും സംഘട്ടനങ്ങളും അവസാനിപ്പിക്കാനും ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിവിലിയൻമാർക്ക് സുരക്ഷ ഒരുക്കാനും ബന്ധികളെ മോചിപ്പിക്കാനും യുദ്ധക്കെടുതിക്കിരയായവർക്ക് സഹായമെത്തിക്കാനുമുള്ള സംവിധാനങ്ങളൊരുക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കിഴക്കൻ ഖുദുസ് കേന്ദ്രമാക്കി 1967ലെ അതിർത്തി മാനിച്ച് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നതാണ് ബഹ്റൈൻ നിലപാട്. ഇതിനായി അന്താരാഷ്ട്ര ശ്രമങ്ങൾ കൂടുതൽ ശക്തമാക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.