മനാമ: ഫലസ്തീൻ സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയെ റാമല്ലയിൽ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സ്വീകരിച്ചു. ഫലസ്തീൻ ജനത അനുഭവിക്കുന്ന പ്രയാസങ്ങളും ഗസ്സയിലെ യുദ്ധക്കെടുതികളും ചർച്ച ചെയ്യുകയും അടിയന്തര നടപടികളുടെ സാധ്യത ആരായുകയും ചെയ്തു. ഫലസ്തീനികളുടെ അവകാശങ്ങൾക്കായി എന്നും നിലകൊണ്ട പാരമ്പര്യമാണ് ബഹ്റൈനുള്ളതെന്നും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ ഇക്കാര്യത്തിലുള്ള പ്രത്യേക താൽപര്യവും മന്ത്രി വിശദീകരിച്ചു. സമാധാനവും ശാന്തിയും കളിയാടുന്ന സ്വതന്ത്ര ഫലസ്തീന് വേണ്ടിയുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.
ഫലസ്തീനും ഫലസ്തീൻ ജനതക്കും ബഹ്റൈൻ നൽകുന്ന നിറഞ്ഞ പിന്തുണക്കും സഹായങ്ങൾക്കുമുള്ള പ്രത്യേക നന്ദിയും കടപ്പാടും ഹമദ് രാജാവിന് കൈമാറുന്നതിന് വിദേശകാര്യ മന്ത്രിയെ മഹ്മൂദ് അബ്ബാസ് ചുമതലപ്പെടുത്തുകയും ചെയ്തു. അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തി ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന കിരാതമായ അക്രമണം ഗസ്സക്കുമേൽ നടത്തുന്നതും നിരപരാധികൾ മരിച്ചുവീഴുന്നതും ഒഴിവാക്കപ്പെടേണ്ടതാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഗസ്സയിലേക്ക് മനുഷ്യ ഇടനാഴി തുറക്കുന്നതിനും ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിനുമുള്ള സാഹചര്യമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാനും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ വകവെച്ചുതരാനും അന്താരാഷ്ട്ര സമ്മർദം ശക്തമാക്കുന്നതിന് അറബ് അടിയന്തര ഉച്ചകോടി വിളിച്ചു ചേർക്കണമെന്ന് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.