മനാമ: പരമ്പരാഗത ഊർജോൽപാദന രീതികളിൽനിന്ന് മാറി പുനരുൽപാദിപ്പിക്കാവുന്ന ഊർജത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബാപ്കോ എനർജീസ്. സീറോ കാർബൺ എമിഷൻ എന്ന രാജ്യത്തിന്റെ ലക്ഷ്യത്തെ സഹായിക്കാനും മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ആധുനീകരണം കൊണ്ടുവരാനുമാണ് ബാപ്കോ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ സഫ്രിയ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഹമദ് രാജാവിനെ അറിയിച്ചു.
രാജാവിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, ബാപ്കോ എനർജീസ് ബോർഡ് അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു. ബഹ്റൈനിലെ ഊർജ മേഖലയെ മാറ്റത്തിന്റെ പാതയിലേക്കു നയിക്കുന്നതിലുള്ള ശൈഖ് നാസറിന്റെ നിർണായക പങ്കിനെ രാജാവ് അഭിനന്ദിച്ചു. കാര്യക്ഷമത, ഉൽപാദനക്ഷമത എന്നിവ വർധിപ്പിക്കുന്നതിനായി അന്താരാഷ്ട്രതലത്തിലുള്ള നൂതന സാങ്കേതികവിദ്യകൾ സ്വീകരിച്ച് കമ്പനിയെ ആധുനീകരിക്കുന്നത് സംബന്ധിച്ച് ശൈഖ് നാസർ വിശദമായ അവതരണം നടത്തി.‘എനർജി ഫോർ ഫ്യൂച്ചർ ജനറേഷൻസ്’ എന്ന മുദ്രാവാക്യം ഉയർത്തി ബാപ്കോ എനർജിയെ പരമ്പരാഗത കമ്പനിയിൽനിന്ന് പുനരുപയോഗ ഊർജത്തിൽ ഊന്നൽ നൽകുന്ന നൂതനമായ ഒന്നാക്കി മാറ്റും.
ബാപ്കോ എനർജീസിന് കീഴിലുള്ള ബഹ്റൈൻ പെട്രോളിയം കമ്പനി, ബഹ്റൈൻ നാഷനൽ ഗ്യാസ് കമ്പനി, ബഹ്റൈൻ നാഷനൽ ഗ്യാസ് എക്സ്പാൻഷൻ കമ്പനി, ബഹ്റൈൻ ഏവിയേഷൻ ഫ്യൂവലിങ് കമ്പനി, തത്വീർ പെട്രോളിയം, ബാപ്കോ റീട്ടെയിൽ കമ്പനി എന്നീ ഓപറേറ്റിങ് കമ്പനികൾ അടുത്ത മൂന്നു വർഷത്തിനുള്ളിൽ സംയോജിപ്പിച്ച് പുനർനാമകരണം ചെയ്യും. പുതിയ സാങ്കേതികവിദ്യകൾ സ്വാംശീകരിക്കുന്നതിലൂടെ കമ്പനിയുടെ വളർച്ച ത്വരിതപ്പെടുത്താമെന്നാണ് കരുതുന്നത്. പുനരുപയോഗ ഊർജ മേഖലയിലുള്ള നിക്ഷേപം കമ്പനിയുടെ ആഗോളമൂല്യം വർധിപ്പിക്കുന്നതിനുമിടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.