മനാമ: ബികാസ് (ബഹ്റൈൻ ഇന്ത്യ കൾച്ചറൽ ആൻഡ് ആർട്സ് സർവിസസ്) ന്റെയും കോൺവെക്സ് മീഡിയയുടെയും ആഭിമുഖ്യത്തിൽ ‘ദീപാവലി ഉത്സവ് 2024’ ആഘോഷം വിപുലമായി നടന്നു. ബഹ്റൈൻ കേരളീയ സമാജം ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ചടങ്ങിൽ ബികാസ് വൈസ് പ്രസിഡന്റ് ഡോ. അരുൺ പ്രഹ്റാർ, പ്രകാശ് ദേവ്ജി , ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, വ്യവസായിയും ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായ പമ്പാ വാസൻ നായർ എന്നിവർ സന്നിഹിതരായിരുന്നു.
പ്രവാസികളെ കോർത്തിണക്കി വിപുലമായ രീതിയിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ച സംഘാടകരെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് അഭിനന്ദിച്ചു. ഇന്ത്യക്കാരുടെ ആഘോഷത്തിൽ പങ്കുചേരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി അഭിപ്രായപ്പെട്ടു.
ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിന് ബികാസ് വൈസ് പ്രസിഡന്റ് ഡോ. അരുൺ പ്രഹ്റാർ മെമെന്റോ നൽകി. ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹിക്ക് അംബാസഡർ മെമെന്റോ നൽകി. നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾ ചെയ്യുന്ന പമ്പാവാസൻ നായരെ ചടങ്ങിൽ ആദരിച്ചു.
രംഗോലി മത്സരത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി ടീമുകൾ പങ്കെടുത്തു. വിജയികൾക്കുള്ള ട്രോഫികൾ വൈകുന്നേരം നടന്ന പൊതുചടങ്ങിൽ കൈമാറി.
പ്രവാസി കലാകാരന്മാരുടെ കലാപ്രകടനം സദസ്സിന് നവ്യാനുഭവമായിരുന്നു. പിന്നണി ഗായകൻ നിഖിൽ മാത്യു നയിച്ച മ്യൂസിക് ബാൻഡിൽ സോണി ടി.വി റിയാലിറ്റി ഷോ ഫൈനലിസ്റ്റ് റിതു രാജ്, മഴവിൽ മനോരമ റിയാലിറ്റി ഷോ താരങ്ങളായ യദു കൃഷ്ണ, ശ്രീലക്ഷ്മി, വയലിനിസ്റ്റ് വിഷ്ണുനായർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.