മനാമ: വലിയപെരുന്നാൾ ആഘോഷവേളയിൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള ബൃഹത് പദ്ധതിയുമായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ). 2022-2026ലെ ദേശീയ ടൂറിസം നയത്തിന് അനുസൃതമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ബി.ടി.ഇ.എ ആസൂത്രണം ചെയ്തിട്ടുണ്ട്.
കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുകയും ടൂറിസം മേഖലയെ വൈവിധ്യവത്കരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ബഹ്റൈനെ പ്രമുഖ ടൂറിസം കേന്ദ്രമാക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. 14ലധികം രാജ്യങ്ങളിൽ ഔദ്യോഗികമായി ടൂറിസം പ്രചാരണ പരിപാടികൾ ബഹ്റൈൻ ആരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയും പ്രചാരണം നടത്തും. ടൂറിസ്റ്റ് സൈറ്റുകളും ബി.ടി.ഇ.എ ആഭിമുഖ്യത്തിൽ നടത്തുന്ന ഇവന്റുകളും സന്ദർശിക്കാൻ പ്രത്യേക ടൂറിസം പാക്കേജുകളും വാഗ്ദാനം ചെയ്യുന്നു. യൂറോപ്പിൽനിന്നടക്കമുള്ള വിനോദസഞ്ചാരികളെ പവിഴ ദ്വീപിന്റെ മാസ്മരികതയിലേക്ക് ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. സമീപകാലത്തായി വിവാഹപാർട്ടികൾ ആഘോഷങ്ങൾക്ക് ബഹ്റൈൻ തിരഞ്ഞെടുത്തിരുന്നു.
അറേബ്യയുടെ മധ്യഭാഗത്താണ് സ്ഥിതിചെയ്യുന്നത് എന്നത് ബഹ്റൈനെ സംബന്ധിച്ചിടത്തോളം അനുയോജ്യമായ ഘടകമാണ്. അറബ് രാഷ്ട്രങ്ങളിൽനിന്നുള്ളവരുടെ സംഗമഭൂമിയായി ബഹ്റൈൻ ഇതിനോടകംതന്നെ മാറിയിട്ടുണ്ട്. പെരുന്നാൾ ആഘോഷവേളയിൽ സൗദിയിൽനിന്നും മറ്റ് ജി.സി.സി രാജ്യങ്ങളിൽനിന്നുമുള്ള ടൂറിസ്റ്റുകർ ധാരാളമായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ, വിവിധ അന്താരാഷ്ട്ര റസ്റ്റാറന്റുകളിലും കഫേകളിലുമുള്ള രുചികരമായ വിഭവങ്ങൾ, പാനീയങ്ങൾ എന്നിവ ബി.ടി.ഇ.എയുടെ പ്രചാരണ പരിപാടികളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ലോക പ്രശസ്തമായ ദിൽമൺ കാലത്തെ ശ്മശാനം, മ്യൂസിയം, വിവിധ കോട്ടകൾ, പവിഴഖനനത്തിന്റെ ശേഷിപ്പുകൾ തുടങ്ങിയ ചരിത്ര വിസ്മയങ്ങളും പാക്കേജിലുൾപ്പെടുത്തിയിട്ടുണ്ട്.
അറേബ്യൻ ഗൾഫിലെ ഏറ്റവും മനോഹരമായ ദ്വീപുകളിൽ വിശ്രമിക്കാനും സന്ദർശകർക്ക് അവസരമുണ്ട്. അൽ ദാർ ദ്വീപുകളും ഹവാർ ദ്വീപുകളും സഞ്ചാരികളെ ആകർഷിക്കുന്നതാണ്. ഇവിടത്തെ സ്വർണ മണൽ, പവിഴപ്പുറ്റുകൾ എന്നിവ പ്രസിദ്ധമാണ്. ബിലാജ് ബീച്ചിൽ ഡൈവിങ്, കയാക്കിങ്, ഫിഷിങ്, യാച്ചിങ്, പാഡിൽ ബോർഡിങ്, ജെറ്റ് സ്കീയിങ് തുടങ്ങിയ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.