മനാമ: കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും 2060ൽ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കാൻ ബഹ്റൈൻ ലക്ഷ്യമിടുന്നതായി മന്ത്രിസഭ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം സൗദി അറേബ്യയും സമാനപദ്ധതി പ്രഖ്യാപിച്ചിരുന്നു. 'ഹരിത സൗദി' പദ്ധതിയുടെ ആദ്യ പാക്കേജ് പ്രഖ്യാപിച്ച ഭരണാധികാരികളായ കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദ്, കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ആൽ സുഊദ് എന്നിവരെ മന്ത്രിസഭ അഭിനന്ദിച്ചു. 2060ൽ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുമെന്നാണ് സൗദിയും പ്രഖ്യാപിച്ചിട്ടുള്ളത്.
2020-2021 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് നിർദേശങ്ങളിൽ നടപടി സ്വീകരിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനങ്ങളിലുണ്ടായ പിഴവും പൊതുമുതൽ കൈകാര്യം ചെയ്യുന്നതിലെ അനാസ്ഥയും ഗൗരവതരമായാണ് കാണുന്നതെന്ന് മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി.
മുൻ വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടിന്മേലുള്ള തുടർ നടപടികളും പുതിയ റിപ്പോർട്ടിന്മേലുള്ള നടപടികളും എടുക്കുന്നതിന് കോഒാഡിനേഷൻ കമ്മിറ്റിയെ ചുമതലപ്പെടുത്തി. റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അതത് മന്ത്രാലയങ്ങൾ നൽകിയ വിശദീകരണങ്ങൾക്ക് യോഗം നന്ദി രേഖപ്പെടുത്തി. സർക്കാർ ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് ഉറപ്പാക്കാൻ ഓഡിറ്റ് റിപ്പോർട്ട് വഴി സാധ്യമാകുമെന്ന് കരുതുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
വിവിധ മേഖലകളിൽ സഹകരിക്കുന്നതിന് യു.എ.ഇയും ബഹ്റൈനും തമ്മിൽ കരാറിലൊപ്പുവെക്കാനുള്ള മന്ത്രിതല സമിതിയുടെ ശിപാർശ അംഗീകരിച്ചു. സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര പങ്കാളിത്തത്തിലൂടെ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രീൻ ഗ്രോത്ത് സ്ഥാപിക്കാൻ കരാറിൽ ഒപ്പുവെക്കാനുള്ള പരിസ്ഥിതി കാര്യ സുപ്രീം കൗൺസിലിെൻറ നിർദേശത്തിനും അംഗീകാരമായി. അന്തർദേശീയ പ്രതിബദ്ധതയുടെ ഭാഗമായി വരുന്ന ആരോഗ്യ, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട കരാറുകൾ പാലിക്കുന്നതിനും, അന്തരീക്ഷ മലിനീകരണത്തിനെതിരായ പ്രവർത്തനങ്ങളിലും പ്രകൃതിക്ക് അനുയോജ്യമായ വികസനത്തിലും സജീവ പങ്ക് വഹിക്കുന്നതിനുമുള്ള ശിപാർശയും അംഗീകരിച്ചു.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ രാജ്യത്തുണ്ടായ വനിത ശാക്തീകരണത്തെക്കുറിച്ച് വനിത സുപ്രീം കൗൺസിൽ തയാറാക്കിയ റിപ്പോർട്ട് ധനകാര്യമന്ത്രി സഭയിൽ അവതരിപ്പിച്ചു. വിവിധ മേഖലകളിലെ സ്ത്രീ പുരുഷ അനുപാത സൂചിക 69 ശതമാനമായി വർധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2022-2026 കാലത്തേക്കുള്ള ടൂറിസം നയത്തെക്കുറിച്ച് വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി ശിപാർശ അവതരിപ്പിച്ചു. വിനോദ സഞ്ചാരകേന്ദ്രമെന്ന നിലയിൽ ബഹ്റൈനെ കൂടുതൽ മാർക്കറ്റ് ചെയ്യാനും ടൂറിസം മേഖലയുടെ വരുമാനം വർധിപ്പിക്കാനും ഉതകുന്ന പദ്ധതികളും അവതരിപ്പിച്ചു.
വിവിധ മന്ത്രിമാർ പങ്കെടുത്ത സമ്മേളനങ്ങളും സന്ദർശന റിപ്പോർട്ടുകളും സഭയിൽ അവതരിപ്പിച്ചു. ഗുദൈബിയ പാലസിൽ നടന്ന കാബിനറ്റ് യോഗ റിപ്പോർട്ട് സെക്രട്ടറി അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.