മനാമ: ഫലസ്തീൻ ജനതക്ക് സഹായം നൽകുന്നത് ശക്തമാക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഫലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങൾ ദൂരീകരിക്കാനാവശ്യമായ ചുവടുവെപ്പുകൾ ശക്തമാക്കേണ്ടത് അനിവാര്യമാണ്. ഖുദുസ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കുന്നതടക്കമുള്ള സമാധാന ശ്രമങ്ങൾ ശക്തമാക്കാനും അടിയന്തര വെടിനിർത്തൽ നടപ്പാക്കാനും കഴിയണമെന്ന് കാബിനറ്റിൽ അധ്യക്ഷത വഹിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആവശ്യപ്പെട്ടു. ഗസ്സയിലെ ജനങ്ങളെ സഹായിക്കാനായി ‘ഐക്യദാർഢ്യ ദിനം’ സംഘടിപ്പിച്ചതിന്റെ ഫലമായി 16 ദശലക്ഷം ദിനാർ സംഭരിക്കാൻ കഴിഞ്ഞത് നേട്ടമാണ്. ചാരിറ്റി, യുവജന കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടന്ന സഹായ സംഭരണ പദ്ധതിയിൽ പങ്കാളികളായ മുഴുവനാളുകൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കുന്നതിന് സമ്പൂർണ വ്യാവസായിക പങ്കാളിത്തം സാധ്യമാക്കുന്നതിന് അംഗ രാജ്യങ്ങളുമായി കരാറിൽ ഒപ്പുവെച്ചത് നേട്ടമാണെന്ന് വിലയിരുത്തി. ബഹ്റൈൻ ആതിഥ്യമരുളിയ നാലാമത് സമ്മേളനത്തിനായിരുന്നു 2.2 ബില്യൺ ഡോളറിന്റെ പദ്ധതികളുടെ ഇടപാടിന് കരാറിലൊപ്പുവെച്ചത്. മൊറാക്കോവിനെ സമ്പൂർണ വ്യാവസായിക സഹകരണകരാറിൽ ചേർക്കാൻ സമ്മേളനത്തിൽ തീരുമാനിച്ചതും സ്വാഗതം ചെയ്തു. മേഖലയിൽ സമാധാനവും ശാന്തിയും ശക്തമാക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിന് കാബിനറ്റ് പിന്തുണ നൽകി. വ്യാവസായിക കമ്പനികളുടെ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന കരട് അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു. നഗരവികസനത്തിന്റെ ഭാഗമായി പൊതുകാര്യ പ്രസക്തമായ കാര്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതിന് മുനിസിപ്പൽ, കാർഷിക വകുപ്പ് മന്ത്രിയുടെ നിർദേശത്തിന് അംഗീകാരമായി. 2023ലെ തൊഴിൽ വിപണി സൂചികയെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. വർഷം തോറും 20,000 സ്വദേശികൾക്ക് തൊഴിൽ നൽകുന്ന പദ്ധതി പ്രകാരം പോയവർഷം 29,533 തൊഴിൽ നൽകാൻ സാധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കി. കൂടുതൽ പേർക്ക് തൊഴിൽ നൽകാൻ സന്നദ്ധമായ സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങൾക്ക് കാബിനറ്റ് നന്ദി പ്രകാശിപ്പിച്ചു. 10,000 പേർക്ക് തൊഴിൽ പരിശീലനം നൽകാൻ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് 11,078 പേർക്ക് പരിശീലനം നൽകാൻ സാധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വിവിധ മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകൾ കൂടുതൽ പേർ ഉപയോഗപ്പെടുത്തിയതായി കാബിനറ്റ് കാര്യ മന്ത്രി അറിയിച്ചു. സിജില്ലാത്, തവാസുൽ, ബിനായാത് എന്നീ സംവിധാനങ്ങളാണ് പൊതുജനങ്ങൾ കൂടുതലായും ഉപയോഗിച്ചത്. വിവിധ സമ്മേളനങ്ങളിലും യോഗങ്ങളിലും പങ്കെടുത്ത മന്ത്രിമാർ അത് സംബന്ധമായ റിപ്പോർട്ടുകളും കാബിനറ്റിൽ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.