മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണം സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ മേഖലക്ക് നിസ്തുലമായ സംഭാവനകൾ നൽകിയ സി.എച്ച്. മുഹമ്മദ് കോയയുടെ നാമധേയത്തിൽ ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ വിദ്യാഭ്യാസ നവോത്ഥാന പുരസ്കാരം ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന സുബൈർ ഹുദവിക്ക് നൽകും.
കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ജേതാവിനെ പ്രഖ്യാപിച്ചു. നവംബർ 18ന് നടക്കുന്ന സമാപന സമ്മേളനത്തിൽ അവാർഡ് ജേതാവിന് വിദ്യാഭ്യാസ നവോത്ഥാന പുരസ്കാരം സമർപ്പിക്കും. 25001 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി അഷ്റഫ് അഴിയൂർ, ട്രഷറർ സുഹൈൽ മേലടി, ഓർഗനൈസിങ് സെക്രട്ടറി ഇസ്ഹാഖ് വില്യാപ്പള്ളി, മറ്റ് ഭാരവാഹികളായ ഫൈസൽ കണ്ടിതാഴ, അഷ്റഫ് തോടന്നൂർ, ഹമീദ് അയനിക്കാട്, ഷാഫി വേളം, ലത്തീഫ് കൊയിലാണ്ടി, സഹീർ ബാലുശ്ശേരി, മുനീർ ഒഞ്ചിയം എന്നിവർ പങ്കെടുത്തു. ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്ക് വെള്ളിയാഴ്ച ഉച്ച രണ്ടിന് ആലി സ്റ്റേഡിയത്തിൽ നടക്കുന്ന വോളിബാൾ ടൂർണമെന്റോടെ തുടക്കമാകും. വിജയികൾക്ക് സി.എച്ച്. മുഹമ്മദ് കോയ സ്മാരക ട്രോഫിയും റണ്ണേഴ്സപ്പിന് മുൻ കെ.എം.സി.സി പ്രസിഡന്റ് സി.പി.എം കുനിങ്ങാട് സ്മാരക ട്രോഫിയും നൽകും.
കമ്പവലി മത്സരം, ചിത്രരചന മത്സരം, ക്വിസ് മത്സരം, മറ്റു കലാകായിക മത്സരങ്ങൾ, ഹെൽത്ത് ക്യാമ്പ്, വനിത സംഗമം, കുട്ടികളുടെ പരിപാടികൾ, മണ്ഡലംതല ഷെട്ടിൽ ടൂർണമെന്റ്, ബിസിനസ് മീറ്റ് തുടങ്ങിയവ വിവിധ ദിവസങ്ങളിലായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.