മനാമ: മതേതര-ജനാധിപത്യ ഭാരതം നിലനിൽക്കണമെങ്കിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് രാജ്യത്ത് തിരികെ വരണമെന്ന് ഒ.ഐ.സി.സി നേതാക്കൾ അഭിപ്രായപ്പെട്ടു.
കോൺഗ്രസിന്റെ 137ാം ജന്മദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി ഓഫിസിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നേതാക്കൾ. കോൺഗ്രസ് തകർന്നാൽ അധികാരത്തിൽ വരാമെന്ന് ആഗ്രഹിച്ച ഇടതുപക്ഷ നേതാക്കളുടെ നടപടികളാണ് വർഗീയ ശക്തികൾക്ക് രാജ്യഭരണം നേടിക്കൊടുത്തത്. രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടെങ്കിലും കോൺഗ്രസ് നേതൃത്വത്തിൽ സംഘടിച്ചില്ലെങ്കിൽ ചലനം സൃഷ്ടിക്കാൻ സാധിക്കില്ല. കോൺഗ്രസ് അധികാരത്തിൽ തിരിച്ചു വരേണ്ടത് രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളെ സംരക്ഷിക്കാൻ ആവശ്യമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് കൺവീനറുമായ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, ജില്ല പ്രസിഡന്റുമാരായ ജി. ശങ്കരപ്പിള്ള, ഷാജി പൊഴിയൂർ, ജില്ല സെക്രട്ടറിമാരായ മോഹൻകുമാർ നൂറനാട്, സൽമാനുൽ ഫാരിസ്, ദേശീയ കമ്മിറ്റി അംഗങ്ങളായ ജേക്കബ് തേക്ക്തോട്, സിൻസൺ ചാക്കോ പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.