മനാമ: ഫലസ്തീൻ വിഷയത്തെ ബഹ്റൈൻ മുഖ്യ രാഷ്ട്രീയ വിഷയമായി പരിഗണിക്കുമെന്ന് പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹ്മദ് അബ്ദുൽ വാഹിദ് ഖറാത്ത വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത അറബ് പാർലമെന്റ് അടിയന്തര യോഗത്തിൽ പാർലമെന്റ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലമിന് പകരം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറബ് പാർലമെന്റ് യൂനിയൻ ചെയർമാൻ മുഹമ്മദ് അൽ ഹൽബൂസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫലസ്തീനിലെ സംഭവവികാസങ്ങൾ വിശദമായി ചർച്ച ചെയ്യുകയും സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള പോംവഴികൾ ആരായുകയും ചെയ്തു. ബഹ്റൈൻ ഭരണാധികാരികളും ജനതയും ഫലസ്തീനികളുടെ അവകാശങ്ങൾക്കൊപ്പമാണെന്നും അതിൽ വിട്ടുവീഴ്ച ചെയ്യാൻ സാധ്യമല്ലെന്നും മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിന് ഫലസ്തീൻ പ്രശ്നം രമ്യമായി പരിഹരിക്കുകയാണ് വേണ്ടതെന്നുമുള്ള നിലപാട് അദ്ദേഹം ആവർത്തിച്ചു. ഗസ്സ നിവാസികൾക്ക് സഹായങ്ങൾ എത്തിക്കാനാവശ്യമായ മനുഷ്യ ഇടനാഴി തുറക്കണമെന്നും അവിടെ സമാധാനം ഉറപ്പാക്കാനാവശ്യമായ നടപടികളുണ്ടാകണമെന്നുമാണ് ബഹ്റൈന്റെ ആവശ്യം.
ഫലസ്തീനികളുടെ അവകാശം പുനഃസ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര വേദികൾ ഗൗരവപൂർണമായ നിലപാട് സ്വീകരിക്കേണ്ടതുമുണ്ട്. ഗസ്സയെ സഹായിക്കുന്നതിന് പ്രത്യേക പദ്ധതി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രഖ്യാപിച്ച കാര്യവും അദ്ദേഹം യോഗത്തിൽ ചൂണ്ടിക്കാട്ടി. റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനിലൂടെ സംഭരിക്കുന്ന സഹായങ്ങൾ യു.എൻ ഏജൻസികൾ വഴി ഗസ്സയിലെ പ്രയാസപ്പെടുന്നവർക്ക് എത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.