മനാമ: സലൂണിൽ ജോലി വാഗ്ദാനം ചെയ്ത് ബഹ്റൈനിലെത്തിച്ച യുവതിയെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ പ്രതികളെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ച് ഹൈക്രിമിനൽ കോടതി. ഏഷ്യൻ വംശജരായ മൂന്ന് പേരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്.
തടവിന് പുറമെ ഓരോരുത്തരും 2000 ദീനാർ വീതം പിഴയും യുവതിയെ നാട്ടിലയക്കാനുള്ള ചെലവും വഹിക്കണമെന്ന് കോടതി ഉത്തരവിട്ടു. തടവ് ശിക്ഷക്കുശേഷം പ്രതികളെ നാടുകടത്തും. സലൂണിലെ മസാജ് തെറപ്പിസ്റ്റെന്ന നിലയിലാണ് കഴിഞ്ഞ വർഷം നവംബറിൽ യുവതി ബഹ്റൈനിലെത്തുന്നത്. ഇവിടെയെത്തിയ യുവതിയുടെ രഹസ്യ ചിത്രങ്ങൾ പകർത്തിയ സംഘം ശേഷം വേശ്യാവൃത്തിക്കായി നിർബന്ധിക്കുകയായിരുന്നു.
ദിവസം 15 മുതൽ 20 പേരുമായൊക്കെ ശാരീരിക ബന്ധത്തിലേർപ്പെടാനും പ്രതികൾ നിർബന്ധിച്ചതായി യുവതി വ്യക്തമാക്കി. നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രതികൾ യുവതിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചത്. കൂടാതെ യുവതിയെ മർദിക്കുകയും പാസ്പോർട്ടും മറ്റുരേഖകളും മൊബൈൽ ഫോണും പിടിച്ചെടുക്കുകയും ചെയ്തതായി യുവതി പൊലീസിനോട് പറഞ്ഞു.
യുവതിയെ ഉപദ്രവിക്കുകയും നഗ്നചിത്രങ്ങളെടുക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തതാണ് ഒന്നും രണ്ടും പ്രതികൾ ചെയ്ത കുറ്റം. ഉപഭോക്താക്കളായി മറ്റുള്ളവരെ എത്തിച്ചതിനാലാണ് മൂന്നാം പ്രതി പിടിയിലായത്.
രണ്ട് മാസത്തോളം പീഡനമനുഭവിച്ച യുവതി കഴിഞ്ഞ ജനുവരിയിലാണ് സംഘത്തിന്റെയടുത്തുനിന്ന് രക്ഷപ്പെടുന്നതും പൊലീസിൽ അഭയം പ്രാപിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.