മനാമ: ബഹ്റൈനിൽ ആദ്യമായി കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി) നടത്തി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ലോറൽസ് സെന്റർ ഫോർ ഗ്ലോബൽ എജുക്കേഷനിൽ പരീക്ഷ നടന്നത്. ഇന്ത്യയിലെ 45 കേന്ദ്ര സർവകലാശാലകളിലെ വിവിധ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, സർട്ടിഫിക്കേഷൻ കോഴ്സുകൾ, ഗവേഷണ പ്രോഗ്രാമുകൾ എന്നിവയിലേക്കുള്ള പ്രവേശനത്തിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന അഖിലേന്ത്യ പരീക്ഷയാണ് കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്.
നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജെ.ഇ.ഇ പരീക്ഷകളുടെ കേന്ദ്രംകൂടിയാണ് ലോറൽസ്. ഐ.ഐ.ടി മദ്രാസ് നടത്തുന്ന ബി.എസ് പ്രോഗ്രാമിനും ഇവിടെ പരീക്ഷകേന്ദ്രമുണ്ട്. കേന്ദ്ര സർക്കാറിന് കീഴിലെ വിവിധ പരീക്ഷകൾ വിജയകരമായ നടത്തുന്നതിലെ മികവിനുള്ള അംഗീകാരമായാണ് സി.യു.ഇ.ടി പരീക്ഷ ആദ്യമായി നടത്താൻ കഴിഞ്ഞതെന്ന് ലോറൽസ് സെന്റർ ഫോർ ഗ്ലോബൽ എജുക്കേഷൻ ഡയറക്ടർ അഡ്വ. അബ്ദുൽ ജലീൽ അബ്ദുല്ല പ്രസ്താവനയിൽ പറഞ്ഞു.
സ്ഥാപിതമായതുമുതൽ, ഇന്ത്യയെയും ബഹ്റൈനെയും വിദ്യാഭ്യാസ രംഗത്ത് ബന്ധിപ്പിക്കുന്ന കണ്ണിയായാണ് ലോറൽസ് സെന്റർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 29 വർഷത്തിനിടെ 20,000ത്തിലധികം വിദ്യാർഥികൾ ലോറൽസിൽനിന്നും മാതൃസ്ഥാപനമായ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും വിവിധ ഇന്ത്യൻ യോഗ്യതകൾ നേടിയിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ മുതൽ ഉന്നത ഗവേഷണ ബിരുദങ്ങൾ വരെ നേടിയെടുക്കാൻ വിദ്യാർഥികൾക്ക് സാധിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.