മനാമ: കേരള കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച കലാ, സാംസ്കാരിക, സാഹിത്യ മേള കെ.സി.എ -ബി.എഫ്.സി ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2024 സമാപിച്ചു. ഗ്രാൻഡ് ഫിനാലെയും അവാർഡ് ദാനവും സെഗയയിലെ കെ.സി.എ വി.കെ.എൽ ഓഡിറ്റോറിയത്തിൽ നടന്നു. മുഖ്യാതിഥി പ്രമുഖ സിനി ആർട്ടിസ്റ്റും ഡബ്ബിങ് ആർട്ടിസ്റ്റും ടെലിവിഷൻ അവതാരകയും നർത്തകിയുമായ മീനാക്ഷി രവീന്ദ്ര കുറുപ്പ് വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.
ബി.എഫ്.സി മാർക്കറ്റിങ് ഹെഡ് അരുൺ വിശ്വനാഥൻ, ഖത്തർ എൻജിനീയറിങ് ലബോറട്ടറീസ് മാനേജിങ് ഡയറക്ടർ കെ.ജി.ബാബുരാജൻ, ഏഷ്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ആന്റണി ജൂഡ് ടി.ജെ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു.
കെ.സി.എ -ബി.എഫ്.സി ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2024 കലാതിലകം പുരസ്കാരം 85 പോയന്റോടെ ന്യൂ ഇന്ത്യൻ സ്കൂളിലെ നിഹാര മിലനും കലാപ്രതിഭ പുരസ്കാരം 76 പോയന്റോടെ ഏഷ്യൻ സ്കൂളിലെ ശൗര്യ ശ്രീജിത്തും കരസ്ഥമാക്കി.
ടൈറ്റിൽ അവാർഡുകൾ നേടുന്നതിന് മത്സരാർഥികൾ ഡാൻസ്, സോങ്, ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്, സാഹിത്യ, അഡ്ഓൺ ഇവന്റുകൾ ഉൾപ്പെടെ കുറഞ്ഞത് മൂന്ന് വിഭാഗങ്ങളിൽ വിജയിച്ച ബഹുമുഖ പ്രതിഭകളായിരിക്കണമെന്നുള്ള നിബന്ധന ഒരുപാട് പോയന്റ് നേടിയെങ്കിലും ചില മത്സരാർഥികൾക്ക് ടൈറ്റിൽ അവാർഡുകൾ ലഭിക്കാതിരിക്കുന്നതിനു കാരണമായെന്ന് സംഘാടകർ അറിയിച്ചു.
ഗ്രൂപ് 1 ചാമ്പ്യൻഷിപ് അവാർഡ് 65 പോയന്റുമായി ന്യൂ ഇന്ത്യൻ സ്കൂളിലെ എയ്ഡ ജിതിൻ കരസ്ഥമാക്കി. ഗ്രൂപ് 2 ചാമ്പ്യൻഷിപ് അവാർഡ് 67 പോയന്റുമായി ഇന്ത്യൻ സ്കൂളിലെ അദ്വിക് കൃഷ്ണ നേടി. 74 പോയന്റുമായി ന്യൂ ഇന്ത്യൻ സ്കൂളിലെ ആരാധ്യ ജിജേഷ് ഗ്രൂപ് 3 ചാമ്പ്യൻഷിപ്പ് നേടി. ഗ്രൂപ് 4 ചാമ്പ്യൻഷിപ് അവാർഡ് 76 പോയന്റുമായി ഇന്ത്യൻ സ്കൂളിലെ നക്ഷത്ര രാജ് നേടി.
ഗ്രൂപ് 5 ചാമ്പ്യൻഷിപ് അവാർഡ് 85 പോയന്റുമായി ന്യൂ ഇന്ത്യൻ സ്കൂളിലെ ശ്രീദാക്ഷ സുനിൽ കുമാർ കരസ്ഥമാക്കി. കെ.സി.എ കുട്ടികളുടെ അംഗങ്ങൾക്ക് നൽകുന്ന കെ.സി.എ സ്പെഷൽ ഗ്രൂപ് ചാമ്പ്യൻഷിപ് അവാർഡ് ഗ്രൂപ് 2വിൽ 72 പോയന്റുമായി ജോഹാൻ ജോസഫ് സോബിനും ഗ്രൂപ് 4ൽ 43 പോയന്റുമായി എയ്ഞ്ചൽ മേരി വിനുവും ഗ്രൂപ് 5 ൽ 57 പോയന്റുമായി സർഗ സുധാകരനും നേടി.
നൃത്താധ്യാപകരുടെ പ്രയത്നങ്ങളെ അഭിനന്ദിക്കുന്നതിന് ഏർപ്പെടുത്തിയ വിശിഷ്ട നൃത്താധ്യാപക അവാർഡ് കെ. പ്രശാന്ത് കരസ്ഥമാക്കി. വ്യക്തിഗത, ടീം ഇനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ലഭിക്കുന്ന ലഭിച്ച ഗ്രേഡ്/റാങ്ക് പോയന്റുകൾ , പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് വിജയിയെ നിർണയിച്ചത് . സംഗീതാധ്യാപകരുടെ പ്രയത്നങ്ങളെ അഭിനന്ദിക്കുന്നതിന് ഏർപ്പെടുത്തിയ വിശിഷ്ട സംഗീത അധ്യാപക അവാർഡ് ശശി പുളിക്കശ്ശേരി കരസ്ഥമാക്കി.
പാർട്ടിസിപ്പേഷൻ ആൻഡ് പെർഫോമൻസ് അവാർഡ് ഇന്ത്യൻ സ്കൂൾ ബഹ്റൈനും റണ്ണർ-അപ്പ് അവാർഡ് ഏഷ്യൻ സ്കൂളും നേടി. ഇന്ത്യൻ ടാലന്റ് സ്കാൻ 2024ൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന സ്കൂളുകൾക്കാണ് ഈ അവാർഡ് നൽകുന്നത്. പ്രായഭേദമന്യേ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണവും സ്കൂളുകളിലെ കുട്ടികൾക്ക് ലഭിച്ച ഗ്രേഡ്/റാങ്ക് പോയന്റുകളും അടിസ്ഥാനമാക്കിയാണ് അവാർഡ്.
ടാലന്റ് സ്കാൻ 2024 മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമായിരുന്ന സുവിത രാകേഷിന് ബി.എഫ്.സി സ്പോൺസർ ചെയ്യുന്ന കെ.സി.എ സ്പെഷൽ ഗിഫ്റ്റ് സമ്മാനിച്ചു. കെ.സി.എ അംഗങ്ങൾക്കായി നടത്തുന്ന കല, സാഹിത്യ സാംസ്കാരിക ഉത്സവം സർഗോത്സവ് 2025ന്റെ ലോഗോ ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്തു. കെ.സി.എ പ്രസിഡന്റിൽനിന്ന് സർഗോത്സവം ചെയർമാൻ റോയ് സി. ആന്റണി ലോഗോ ഏറ്റുവാങ്ങി. എക്സ് ഒഫീഷ്യോയും വൈസ് പ്രസിഡന്റുമായ ലിയോ ജോസഫ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.