'ഈസ്റ്റര്‍'(ഉയര്‍പ്പ് പെരുന്നാള്‍) എന്ന വാക്ക് 'ഇയസ്റ്റോര്'എന്ന ആംഗ്ലോ സാക്സന്‍ വസന്ത ദേവതയുടെ നാമത്തില്നിന്ന് രൂപംകൊണ്ടതാണെന്ന് അഭിപ്രായമുണ്ട്. പുതുജീവന്റെ പ്രതീകം എന്നും പറയുന്നു. എങ്കില്‍ ഈസ്റ്റര്‍ പുതുജീവന്റെ, പ്രതീക്ഷയുടെ പെരുന്നാളാണ്. ആദിമഘട്ടത്തില്‍ കടന്നുപോക്ക് എന്നർഥം വരുന്ന 'പാസ്കാ'എന്ന പദമാണ് ഉപയോഗിച്ചിരുന്നത്. ഇസ്രായേല്‍ ജനം മിസ്രയീമില്‍ (ഈജിപ്ത്) നിന്നും കനാനിലേക്കു കടന്നുപോയത് പോലെ, ദൈവപുത്രനായ ക്രിസ്തു ഈ ലോകത്തില്‍നിന്ന് പിതാവിന്റെ സന്നിധിയിലേക്ക് കടന്നുപോയതിന്റെ സ്മരണ. തിന്മ പ്രവര്‍ത്തനങ്ങളുടെ ഇരുളില്‍നിന്ന് സുകൃതങ്ങളുടെ വെളിച്ചത്തിലേക്ക് കടന്നുപോകുന്നിടത്താണ് ഈസ്റ്റര്‍ അർഥപൂർണമാകുന്നത്.
നന്മയുടെ, പ്രകാശത്തിന്റെ വസന്താനുഭവത്തെ സൃഷ്ടിക്കുക എന്നതാണ് ഈ പെരുന്നാള്‍ നല്കുന്ന നിയോഗം. തിന്മക്ക് ആത്യന്തിക വിജയമില്ല എന്ന സത്യം ഇന്നല്ലെങ്കില്‍ നാളെ പുറത്തുവരുമെന്ന് ക്രിസ്തുവിന്റെ ഉയിര്‍പ്പ് ബോധ്യപ്പെടുത്തുന്നു. അവിഹിത, അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്ക് ആയുസ്സില്ല എന്ന തിരിച്ചറിവും ഇത് നല്കുന്നു.
മതഭ്രാന്ത്, സത്യമറിഞ്ഞിട്ടും സത്യമായിട്ടുള്ളതിന്റെ പക്ഷത്തുനിൽക്കാനുള്ള ആർജവമില്ലായ്മ, സാമ്പത്തിക നേട്ടത്തിനുവേണ്ടി കാട്ടുന്ന വഞ്ചനയുടെ വഴികള്‍, അനീതിക്കും അധർമത്തിനും വേണ്ടി ഒരുക്കുന്ന ആശാസ്യമല്ലാത്ത മാർഗങ്ങള്‍, ഗുരുത്വമില്ലായ്മയുടെയും നന്ദിയില്ലായ്മയുടെയും കുതന്ത്രശൈലികൾ, നീതിയും ന്യായവും നടപ്പാക്കേണ്ടവരുടെ ചാഞ്ചല്യഭാവങ്ങള്... സത്യം, ധർമം, നീതി എന്നിവയെ ക്രൂശിക്കുന്നതാണ് ഈ ലോകം.
പലതിന്റെയും പിന്‍ബലത്തില്‍ പലതും കാട്ടിക്കൂട്ടുമ്പോള്‍ വിജയം സത്യത്തിന്റേതു മാത്രമായിരിക്കും എന്ന് ഓര്‍ക്കാനുള്ള വിനയം കാട്ടുന്നിടത്ത് യേശുവിന്റെ ഉയിര്‍പ്പ് പ്രതീക്ഷയുടെ പെരുന്നാളായി അനുഭവപ്പെടുന്നു. യേശുവിന്റെ മരണത്തോടെ എല്ലാം കഴിഞ്ഞു എന്നു കരുതിയിരുന്ന ശിഷ്യര്‍ക്കു പുതിയ ജീവന്റെ തുടിപ്പുകള്‍ കാണാന്‍ കഴിഞ്ഞു. പ്രത്യാശയോടെ മുന്നോട്ടുപോകാനുള്ള പ്രചോദനമായി 'ഉയിര്‍പ്പ്'പരിണമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.