മനാമ: സാമ്പത്തികമേഖല ഡിജിൽവത്കരിക്കാനുള്ള നാലുവർഷ പദ്ധതി പ്രഖ്യാപിച്ചു. ടെലികോം, വിവരസാങ്കേതികവിദ്യ (ഐ.ടി) മേഖലകളുടെ ഡിജിറ്റലൈസേഷൻ നടത്തുകയും പദ്ധതിയുടെ ലക്ഷ്യമാണ്. 2022ൽ തുടങ്ങി 2026ൽ അവസാനിക്കുന്ന ടെലികമ്യൂണിക്കേഷൻ- ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഡിജിറ്റൽ ഇക്കോണമി സ്ട്രാറ്റജി പദ്ധതി സാമ്പത്തികമേഖലയുടെ ഉദ്ധാരണപദ്ധതിയുടെ ഭാഗവുമാണ്. ജുഫൈരിലെ ഇസ കൾചറൽ സെന്ററിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പദ്ധതിയുടെ വിശദവിവരങ്ങൾ അധികൃതർ പ്രഖ്യാപിച്ചു. ഗതാഗത വാർത്താവിനിമയ മന്ത്രി കമാൽ അഹ്മദ്, ഇൻഫർമേഷൻ ആൻഡ് ഇ–ഗവൺമെന്റ് അതോറിറ്റി (ഐ.ജിഎ) ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അൽ ഖയ്ദ്, നാഷനൽ സൈബർ സെക്യൂരിറ്റി സെന്റർ ചീഫ് എക്സിക്യൂട്ടിവ് ശൈഖ് സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വിവരസാങ്കേതികമേഖല രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. ദേശീയ ഉൽപാദനം കൂട്ടുക, തൊഴിൽമേഖലയുടെ വികാസം എന്നിവക്ക് അപ്പുറം ലോജിസ്റ്റിക്സ്, സാമ്പത്തികം, വിനോദസഞ്ചാരം തുടങ്ങി വിവിധ മേഖലകളിൽ അതിപ്രധാനപങ്കാണ് ഐ.ടി മേഖല വഹിക്കുന്നത്. ലോകം ഡിജറ്റൽ സാമ്പത്തികമേഖലയിലേക്ക് അതിവേഗം കുതിക്കുകയാണ്. ഇതിനനുസരിച്ച് നമ്മുടെ ദേശീയ ഉൽപന്നങ്ങൾക്ക് അന്തർദേശീയ അവസരം കിട്ടണമെങ്കിൽ സുസ്ഥിര സാങ്കേതികവിദ്യ നടപ്പാക്കേണ്ടതുണ്ട്.
ഏത് സുസ്ഥിര ഡിജിറ്റൽ ഇക്കോണമിയുടെയും നട്ടെല്ല് വ്യാപക ശൃംഖലകളുള്ള ടെലികമ്യൂണിക്കേഷൻ അടക്കമുള്ളവയാണ്. ഇതനുസരിച്ച വികസന പരിപാടികളാണ് 2022-2026 ടെലികമ്യൂണിക്കേഷൻ- ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഡിജിറ്റൽ ഇക്കോണമി സ്ട്രാറ്റജി പദ്ധതിക്ക് കീഴിൽ ഉള്ളതെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.