മനാമ: ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് ആരോഗ്യകാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ലഫ്. ജനറൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി.
മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി അൽ മന്നാഇയുടെ വാരാന്ത്യ മജ്ലിസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയിൽ ബഹ്റൈൻ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ കാഴ്ചപ്പാടുകളും നിർദേശങ്ങളുമാണ് ആരോഗ്യ മേഖലക്ക് കരുത്ത് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പങ്കാളിത്തം എല്ലാ മേഖലയിലും വർധിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഗവർണറേറ്റും പൊതുജനങ്ങളും തമ്മിൽ മികച്ച ബന്ധം കൈവരിക്കാൻ വാരാന്ത്യ മജ്ലിസ് ഉപകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആശുപത്രികളുടെ സ്വയം ഭരണരീതിയിലൂടെ ചികിത്സാരംഗം കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബത്തിനായി ഡോക്ടറെ തെരഞ്ഞെടുക്കാനുള്ള അവസരവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. രോഗങ്ങൾ നേരത്തേ കണ്ടെത്തി അനുയോജ്യ ചികിത്സ ലഭ്യമാക്കുന്നതിനും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.