മനാമ: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കും സി.പി.എം നേതാക്കൾക്കും ഇരട്ട നീതിയാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എ. ഒരു യുവതി ആരോപണം ഉന്നയിച്ചപ്പോൾ എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ കേസെടുത്ത പൊലീസ്, സ്വപ്ന സുരേഷ് രണ്ട് മുൻമന്ത്രിമാർക്കും മുൻസ്പീക്കർക്കുമെതിരെ ഉന്നയിച്ച ആരോപണം കണ്ടില്ലെന്ന് നടിക്കുകയാണ്.
എൽദോസിനെതിരെ കേസ് എടുത്തത് ഇരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലെന്നാണ് പറയുന്നത്. എങ്കിൽ, സ്വപ്ന സുരേഷ് പറഞ്ഞത് ഇരയുടെ വെളിപ്പെടുത്തലല്ലേ? എന്തുകൊണ്ട് നടപടി എടുക്കുന്നില്ല. ഇടതുപക്ഷ നേതാക്കൾക്കും മന്ത്രിമാർക്കും ഒരു നിയമം, മറ്റുള്ളവർക്ക് വേറൊരു നിയമം എന്ന ഇരട്ട നീതിയാണ് ഇക്കാര്യത്തിലുള്ളത്. കോഴിക്കോട് ചിന്തൻ ശിബിരത്തിന്റെ പ്രഖ്യാപനത്തിൽ, സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികളിൽ അവർക്കൊപ്പം നിൽക്കുക എന്നതാണ് പാർട്ടിയുടെ നിലപാടെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. സ്വഭാവികമായും എം.എൽ.എയുടെ വിശദീകരണം കൂടി കേട്ടശേഷം അദ്ദേഹത്തിനെതിരെ പാർട്ടി നടപടി സ്വീകരിക്കും. പാർട്ടിയെ സംബന്ധിച്ച് ഈ കാര്യത്തിൽ രണ്ട് നിലപാടില്ലെന്നും ടി.സിദ്ദീഖ് പറഞ്ഞു.
സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കടകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും പി. ശ്രീരാമകൃഷ്ണനുമെതിരെ കേസെടുക്കാൻ തയാറാകണമെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ ആവശ്യപ്പെട്ടു. കേരളത്തിൽ എല്ലാ മാഫിയയുടെയും തലപ്പത്ത് സി.പി.എം ആണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.