മനാമ: വയനാട് മുണ്ടക്കൈ ചൂരൽമല പ്രകൃതി ദുരന്തത്തിനിരകളായവർക്ക് ആദരാഞ്ജലി അർപ്പിച്ച് മലയാളി സമൂഹം. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന അനുശോചന യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധകളടക്കം നിരവധിപേർ പങ്കെടുത്തു. അപ്രതീക്ഷിതമായി സംഭവിച്ച ദുരിതത്തിൽ ജീവൻ നഷ്ടപ്പെട്ടവരും ജീവിതം അനിശ്ചിതത്തിലായവരുമായ മനുഷ്യരുടെ വേദനയിൽ സമാജം പങ്കുചേരുന്നതായി പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള പറഞ്ഞു.
പ്രതികൂല കാലാവസ്ഥയിലും രക്ഷാ പ്രവർത്തനം കാര്യക്ഷമമായി നടത്തുന്ന കേരള, കേന്ദ്ര സർക്കാർ ഏജൻസികളുടേയും നാട്ടുകാരുടേയും പ്രവർത്തനം സമാനതകളില്ലാത്തതാണ്.
രക്ഷാപ്രവർത്തകരോട് ഐക്യദാർഢ്യം രേഖപ്പെടുത്തുന്നു. വിവിധ ലോക കേരളസഭ മെംബർമാർ, സംഘടനാ പ്രതിനിധികൾ എന്നിവരും സംസാരിച്ചു.
ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലോക കേരള സഭ അംഗങ്ങളായ സി.വി നാരായണൻ, സുബൈർ കണ്ണൂർ,ഷാജി മൂതലഡോ. ബാബു രാമചന്ദ്രൻ, ശ്രീജിത്ത്,വീരമണി, ബിനു കുന്നന്താനം, അബ്ദുറഹ്മാൻ അസീൽ,രാജു കല്ലുമ്പുറം, കെ.ടി സലീം,ജലീൽ മാഹി,ജയൻ,ഗഫൂർ കൈപ്പമംഗലം, എബ്രഹാം സാമൂവൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
ബഹ്റൈൻ കേരളീയ സമാജം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ ആദ്യ ഗഡു ആയി നൽകുമെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള അനുശോചന യോഗത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.