മനാമ: കണ്ണൂരിൽനിന്ന് ബഹ്റൈനിലേക്കും തിരിച്ചും എയർ ഇന്ത്യയുടെ കൂടുതൽ സർവിസ് ആരംഭിക്കണമെന്ന് ആവശ്യം. ഇപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് രണ്ടാഴ്ചയിൽ ഒരിക്കൽ നടത്തുന്ന സർവിസ് മാത്രമാണ് ഉത്തര മലബാറിൽനിന്നുള്ള യാത്രക്കാർക്ക് ആശ്രയം.
കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കേരളത്തിൽനിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. സ്വാഭാവികമായും കണ്ണൂരിൽനിന്നുള്ള യാത്രക്കാരും കൂടി. എന്നാൽ, കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ആവശ്യത്തിന് വിമാന സർവിസ് ഇല്ലാത്തത് യാത്രക്കാരെ കുഴക്കുകയാണ്. കോഴിക്കോട്ടും കൊച്ചിയിലും എത്തിയാണ് കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നുള്ള യാത്രക്കാർ വിമാനം കയറുന്നത്. കടുത്ത ഗതാഗതക്കുരുക്കിൽ അകപ്പെടുന്നതിനാൽ ഏറെ നേരത്തേ വീടുകളിൽനിന്ന് ഇറങ്ങിയാൽ മാത്രമാണ് ഇവർക്ക് വിമാനത്താവളത്തിൽ എത്താൻ കഴിയുന്നത്.
എയർ ഇന്ത്യയുടെ നവംബർ ഷെഡ്യൂളിൽ കണ്ണൂരിൽനിന്ന് ബഹ്റൈനിലേക്ക് ഡ്രീംലൈനർ വിമാന സർവിസ് പ്രഖ്യാപിച്ചിരുന്നു. ബംഗളൂരുവിൽനിന്ന് കൊച്ചി വഴി ബഹ്റൈനിലേക്ക് ആരംഭിച്ച രണ്ട് ഡ്രീം ലൈനർ സർവിസുകളിൽ ഒന്നാണ് കണ്ണൂർ വഴിയാക്കാൻ തീരുമാനിച്ചത്. ഇതിനുള്ള ബുക്കിങ് ആരംഭിച്ചെങ്കിലും അവസാന നിമിഷം സർവിസ് റദ്ദാക്കുകയായിരുന്നു. 254 പേർക്ക് സഞ്ചരിക്കാവുന്ന വിമാനം എല്ലാ ശനിയാഴ്ചകളിലും ഉച്ചക്ക് 12ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചിരുന്നത്. പുതിയ സർവിസ് പ്രഖ്യാപിച്ചതോടെ കണ്ണൂരിൽനിന്നുള്ള ബഹ്റൈൻ യാത്രക്കാർ സന്തോഷിച്ചെങ്കിലും അത് ഏറെ നീണ്ടുനിന്നില്ല. ഒരു സൗകര്യവുമില്ലാത്ത എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽതന്നെ കൊണ്ടുവന്ന് എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
നവംബർ മുതലുള്ള വിൻറർ ഷെഡ്യൂളിൽ എയർ ഇന്ത്യ കൊച്ചിയിലേക്കും കോഴിക്കോേട്ടക്കും പുതിയ സർവിസ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ, പ്രഖ്യാപിച്ച വിമാനം പോലും റദ്ദാക്കി കണ്ണൂരിനോട് ചിറ്റമ്മനയം കാണിക്കുന്നുവെന്നാണ് യാത്രക്കാരുടെ പരാതി.
വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ലോക കേരള സഭ അംഗം സി.വി. നാരായണൻ കഴിഞ്ഞ ദിവസം ജോൺ ബ്രിട്ടാസ് എം.പിക്ക് നിവേദനം നൽകി. കേന്ദ്ര വ്യോമയാന മന്ത്രിയുടെ മുമ്പാകെ പ്രശ്നം അവതരിപ്പിച്ചതായി എം.പിയുടെ മറുപടി ലഭിച്ചതായി സി.വി. നാരായണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.