മനാമ: എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്തുനിന്ന് ബഹ്റൈനിലേക്ക് വീണ്ടും പ്രത്യേക സർവിസ് നടത്തുന്നു. മേയ് 22ന് തിരുവനന്തപുരത്തേക്ക് പ്രവാസികളെ തിരിച്ചുകൊണ്ടുപോകാൻ എത്തുന്ന വിമാനമാണ് ഇതിനായി ഉപയോഗിക്കുക. മുംബൈയിൽനിന്ന് മേയ് 19നും സർവിസ് ഉണ്ടാകും. ഇൗ സർവിസുകൾക്കുള്ള ഒാൺലൈൻ ബുക്കിങ് ഉടൻ ആരംഭിക്കും എന്നാണ് സൂചന. മേയ് 11ന് തിരുവനന്തപുരത്തുനിന്ന് പ്രത്യേക സർവിസ് നടത്തിയിരുന്നു. ബഹ്റൈനിൽനിന്ന് കോഴിക്കോേട്ടക്ക് സർവിസ് നടത്താൻ എത്തിയ വിമാനമാണ് ഇതിന് ഉപയോഗിച്ചത്. ബഹ്റൈൻ പൗരന്മാർക്കും സാധുവായ െറസിഡൻറ് പെർമിറ്റ് ഉള്ളവർക്കുമാണ് അതിൽ യാത്ര അനുമതി നൽകിയത്. ഇനി നടത്തുന്ന പ്രത്യേക സർവിസുകൾക്കും ഇതുതന്നെയായിരിക്കും മാനദണ്ഡം എന്നാണറിയുന്നത്. വന്ദേ ഭാരത് ദൗത്യത്തിെൻറ രണ്ടാം ഘട്ടത്തിൽ ബഹ്റൈനിൽനിന്ന് കേരളത്തിലേക്കുള്ള ഏക സർവിസ് തിരുവനന്തപുരത്തേക്കാണ്. മറ്റൊന്ന് മേയ് 19ന് ഹൈദരാബാദിലേക്കും.
ബഹ്റൈനിലേക്ക് അടിയന്തരമായി എത്താൻ കാത്തുനിൽക്കുന്നവർക്ക് ഇങ്ങോട്ടുള്ള പ്രത്യേക സർവിസ് അനുഗ്രഹമാണ്. എന്നാൽ, കഴിഞ്ഞ സർവിസ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നത് പലർക്കും തിരിച്ചടിയായി. അരലക്ഷം രൂപ വരെ നിരക്ക് ഉയർന്നിരുന്നു. മേയ് 11ന് തിരുവനന്തപുരത്തുനിന്ന് ബഹ്റൈനിലേക്കുള്ള പ്രത്യേക സർവിസ് മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് പുറപ്പെട്ടത്. തലേദിവസം രാത്രി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അധികൃതർ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരെ ബന്ധപ്പെട്ട് എല്ലാ യാത്രക്കാരുടെയും പാസ്പോർട്ട് വിശദാംശങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തവർ ഇവിടെ ഇറങ്ങാൻ അർഹരാണോ എന്ന് അറിയുന്നതിനായിരുന്നു ഇത്. ബഹ്റൈനിൽ എത്തിയശേഷം തിരിച്ചുവിടേണ്ട സാഹചര്യം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ടിക്കറ്റ് എടുത്തവരിൽനിന്ന് പാസ്പോർട്ട് വിവരങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് ശേഖരിച്ചിരുന്നില്ല. തുടർന്ന്, തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഒാരോ യാത്രക്കാരനെയും ബന്ധപ്പെട്ട് പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ച് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അധികൃതർക്ക് കൈമാറി. അവർ നടത്തിയ പരിശോധനയിൽ ആറ് പേർക്ക് യാത്രാനുമതി ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.