ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ്പ്രീ മത്സരങ്ങൾ മാർച്ച് 18 മുതൽ 20 വരെ

മനാമ: ട്രാക്കിൽ ആവേശത്തിന്റെ തീപ്പൊരി ചിതറിക്കുന്ന ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ്പ്രീ മത്സരത്തെ എതിരേൽക്കാനൊരുങ്ങി ബഹ്റൈനിലെ ആരാധകർ. ഈ വർഷത്തെ ഫോർമുല വൺ സീസണിലെ ആദ്യ മത്സരത്തിനാണ് സഖീറിലെ ബഹ്റൈൻ ഇന്‍റർനാഷനൽ സർക്യൂട്ട് മാർച്ച് 18 മുതൽ 20വരെ വേദിയാകുന്നത്. താരങ്ങൾക്ക് അവസാനവട്ട തയാറെടുപ്പുകൾ നടത്തുന്നതിനുള്ള എഫ് വൺ ആരാംകോ പ്രീ സീസൺ ടെസ്റ്റിങ് മാർച്ച് 10 മുതൽ 12വരെ നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്കും പ്രീ സീസൺ ടെസ്റ്റിങ്ങിനുമുള്ള ടിക്കറ്റുകൾ bahraingp.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. +973-17450000 എന്ന ബി.ഐ.സി ഹോട്ലൈനിൽ ബന്ധപ്പെട്ടും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ബഹ്റൈൻ ഗ്രാൻഡ് പ്രീ ടിക്കറ്റ് മാർച്ച് ഒന്നിന് മുമ്പ് ബുക്ക് ചെയ്തവർക്ക് സൗജന്യമായി പ്രീ സീസൺ ടെസ്റ്റ് കാണാൻ കഴിയും. മാർച്ച് ഒന്നിന് മുമ്പ് വാങ്ങിയ ടിക്കറ്റ് ഇല്ലാത്തവർക്ക് ഓൺലൈനിൽനിന്നോ ഹോട്ലൈൻ മുഖേനയോ പ്രീ സീസൺ ടെസ്റ്റ് ടിക്കറ്റുകൾ വാങ്ങാം. മുതിർന്നവർക്ക് ഒരുദിവസത്തേക്ക് അഞ്ച് ദീനാറും കുട്ടികൾക്ക് 2.5 ദീനാറുമാണ് ടിക്കറ്റ് നിരക്ക്.

ഗ്രാൻഡ് പ്രീ മത്സരങ്ങൾക്കൊപ്പം ഫോർമുല 2 ചാമ്പ്യൻഷിപ്, ഫോർമുല 3 ചാമ്പ്യൻഷിപ്, പോർഷെ സ്പ്രിന്‍റ് ചലഞ്ച് മിഡിലീസ്റ്റ് എന്നിവയും അരങ്ങേറുന്നുണ്ട്. ആരാധകർക്കായി ഒട്ടേറെ വിനോദപരിപാടികളും ബി.ഐ.സി ഒരുക്കിയിട്ടുണ്ട്. മാർച്ച് 18ന് നടക്കുന്ന സംഗീതപരിപാടിയിൽ ലോകപ്രശസ്ത ഡിജെമാരായ ഡോൺ ദിയാബ്ലോയും അഫ്രോജാക്കും പങ്കെടുക്കും.

Tags:    
News Summary - Formula One Bahrain Grand Prix March 18-20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.