മനാമ: ആരോഗ്യമന്ത്രാലയത്തിന്റെ ലോഗോ ഉപയോഗിച്ച് ഫോൺ തട്ടിപ്പ് നടക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും വ്യക്തിവിവരങ്ങൾ ഫോണിലൂടെ നൽകരുതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ബി അവയർ ബഹ്റൈൻ ആപ്പിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും ലോഗോ പതിച്ചിരിക്കുന്ന കാളുകളാണ് പലർക്കും ലഭിച്ചത്. കോവിഡ് വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്നാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്.
വ്യാജ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ ഫോണുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് തട്ടിപ്പുകാർക്ക് ആക്സസ് ലഭിക്കും. പണം നഷ്ടമാകുകയും ചെയ്യും. സംശയാസ്പദമായ കാളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുത്. ലിങ്കുകൾ തുറക്കുകയോ നിർണായക വിവരങ്ങൾ നൽകുകയോ ചെയ്യരുത്. ആരോഗ്യമന്ത്രാലയ ജീവനക്കാർ എന്ന നിലയിലാണ് ഇവർ വിളിക്കുന്നത്.
വാക്സിനേഷൻ ഡോസുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന ബി അവെയർ ബഹ്റൈൻ ആപ് സ്വയം അപ്ഡേറ്റ് ചെയ്യുന്നതിനാൽ, വ്യക്തിഗത വിവരങ്ങളോ വാക്സിനേഷൻ സ്റ്റാറ്റസോ അപ്ഡേറ്റ് ചെയ്യുന്നതിനോ മന്ത്രാലയം ഒരിക്കലും വ്യക്തികളെ ബന്ധപ്പെടില്ല. തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് ഡയറക്ടറേറ്റിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.