മനാമ: ലോട്ടറി അടിച്ചെന്ന് അറിയിപ്പ് നൽകി കബളിപ്പിക്കുന്ന ഓൺലൈൻ തട്ടിപ്പ് സംഘം സജീവം. കഴിഞ്ഞദിവസം ബഹ്റൈനിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ വീട്ടമ്മ രക്ഷപ്പെട്ടത് കഷ്ടിച്ച്. ദുബൈ ശൈഖ് ഹംദാൻ ഫൗണ്ടേഷൻ നടത്തിയ ഫേസ്ബുക് ഓൺലൈൻ നറുക്കെടുപ്പിൽ 40,000 ഡോളർ സമ്മാനം ലഭിച്ചു എന്ന സന്ദേശമാണ് ഇവർക്ക് ലഭിച്ചത്.
ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ശബ്ദസന്ദേശങ്ങളിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോട്ടോയും തട്ടിപ്പുകാർ ആവശ്യപ്പെട്ടു. തട്ടിപ്പാണെന്നു ചിന്തിക്കാതിരുന്ന വീട്ടമ്മ അക്കൗണ്ട് നമ്പറും ഫോട്ടോയും അയച്ചുകൊടുത്തു. പിന്നീട് വീട്ടമ്മയുടെ പേരും ഫോട്ടോയും ചേർത്ത് ലോട്ടറി അടിച്ചതിെന്റ സർട്ടിഫിക്കറ്റ് അയച്ചുനൽകി. സമ്മാനത്തുക ബാങ്ക് അക്കൗണ്ടിലേക്ക് നൽകണമെങ്കിൽ അതത് രാജ്യത്തെ സർക്കാറുകളുടെ അനുമതി ആവശ്യമാണെന്നും ഇന്ത്യൻ സർക്കാറിന്റെ അനുമതി നേടുന്നതിനുള്ള നടപടികൾക്കായി 10,100 രൂപ അയച്ചുകൊടുക്കണമെന്നും പറഞ്ഞപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് വീട്ടമ്മക്ക് സംശയം തോന്നിയത്.
പണമില്ലെന്നു പറഞ്ഞ് തട്ടിപ്പിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഉടൻതന്നെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന തുക വീട്ടമ്മ പിൻവലിച്ച് സുരക്ഷിതമാക്കുകയും ചെയ്തു. നിരവധി പേർക്ക് ഇത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. പലരും ഭാഗ്യം കൊണ്ടാണ് തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെടാതെ രക്ഷപ്പെടുന്നത്. വിവിധ രീതികളിൽ ഓൺലൈൻ തട്ടിപ്പുകാർ ഇരകളെ വീഴ്ത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ലോട്ടറി തട്ടിപ്പും. ഇത്തരം സന്ദേശങ്ങൾ അവഗണിക്കുകയാണ് തട്ടിപ്പിൽ കുടുങ്ങാതിരിക്കാനുള്ള ഏക വഴി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.