വാട്സ്ആപ് കോളിലൂടെ തട്ടിപ്പ് വർധിക്കുന്നു

മനാമ: വാട്സ്ആപ് കോൾ വഴിയുള്ള തട്ടിപ്പുകൾ ദിനംപ്രതിയെന്നോണം കൂടിവരുന്നു. ഔദ്യോഗിക സംവിധാനങ്ങളിൽനിന്ന് വിളിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുകാരുടെ വിളയാട്ടം. തട്ടിപ്പാണെന്നറിയാതെ ഇവരുടെ കെണിയിൽ വീഴുന്നവരിൽ അഭ്യസ്ഥവിദ്യരും കുറവല്ല.

സി.ഐ.ഡിയിൽനിന്നാണെന്ന് പറഞ്ഞ് വിളിക്കുന്ന തട്ടിപ്പുകാരുണ്ട്. ബി അവെയർ അപ്ഡേറ്റ് ചെയ്യണമെന്നും ബെനഫിറ്റ് പേ സുരക്ഷിതമാക്കണമെന്നും പറഞ്ഞ് കാളുകൾ വരാറുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു. വ്യക്തികളുടെ സി.പി.ആർ നമ്പർ, ബാങ്ക് അക്കൗണ്ട് ഏത് ബാങ്കിലാണ് തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ കൃത്യമായി പറഞ്ഞാണ് തട്ടിപ്പുകാർ വിശ്വാസം ആർജിക്കാൻ ശ്രമിക്കുന്നത്.

തട്ടിപ്പാണോ യഥാർഥമാണോ എന്നറിയാതെ ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന രീതിയാണ് ഇവർ സ്വീകരിക്കുന്നത്. അവസാനം ഒ.ടി.പി നമ്പർ ചോദിക്കുമ്പോഴാണ് ചിലരെങ്കിലും സംശയാലുക്കളാകുന്നത്. തിരക്കുള്ള സമയങ്ങളിൽ വരുന്ന കാളുകൾക്ക് തട്ടിപ്പ് തിരിച്ചറിയാതെ മറുപടി നൽകുന്നവർ ചിലപ്പോൾ ഒ.ടി.പി നമ്പറും കൊടുത്തുപോകും.

ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടമാകുമ്പോഴാണ് ഇവർ തട്ടിപ്പ് തിരിച്ചറിയുക. വാട്സ്ആപ്പിൽ വരുന്ന ഒ.ടി.പി നമ്പർ നൽകുമ്പോൾ അക്കൗണ്ടിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകൾക്കിരയായാൽ ആന്‍റി സൈബർ ക്രൈം ഡയറക്ടറേറ്റിന്റെ 992 എന്ന ഹോട്ലൈൻ നമ്പറിൽ പരാതിപ്പെടാൻ സംവിധാനമുണ്ട്.

Tags:    
News Summary - Fraud is on the rise through WhatsApp calls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.