മനാമ: ബഹ്റൈനികൾക്കും ഇന്ത്യക്കാർക്കും അടക്കം നിരവധി രാജ്യങ്ങൾക്ക് ശ്രീലങ്കയിൽ സൗജന്യ ടൂറിസ്റ്റ് വിസ. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ശ്രീലങ്കൻ സർക്കാറിന്റെ തീരുമാനം.ഒക്ടോബർ ഒന്നു മുതലാണ് 35 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ രഹിത പ്രവേശനം.
2025 മാർച്ച് 31 വരെ ആറ് മാസത്തെ പൈലറ്റ് പ്രോഗ്രാമിന് കീഴിലാണ് 30 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത്. ശ്രീലങ്കൻ കാബിനറ്റ് ഇതിന് അംഗീകാരം നൽകി. ഈ നീക്കം രാജ്യത്തേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് ഗണ്യമായി വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
സമീപകാലത്തെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ശ്രീലങ്കൻ ടൂറിസത്തിന് വലിയ തിരിച്ചടിയേറ്റിരുന്നു. സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം പോലെയുള്ള രാജ്യങ്ങൾക്ക് സമാനമായി ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി രാജ്യത്തെ മാറ്റുകയാണ് ലക്ഷ്യം.
ഇന്ത്യ, ചൈന, യു.കെ, ജർമനി, നെതർലൻഡ്സ്, ബെൽജിയം, സ്പെയിൻ, ആസ്ട്രേലിയ, ഡെൻമാർക്ക്, പോളണ്ട്, കസാഖ്സ്താൻ, സൗദി അറേബ്യ, യു.എ.ഇ, നേപ്പാൾ, ഇന്തോനേഷ്യ, റഷ്യ, തായ്ലൻഡ്, മലേഷ്യ, ജപ്പാൻ, ഫ്രാൻസ്, യുനൈഡ് സ്റ്റേറ്റ്സ്, കാനഡ, ചെക്ക് റിപ്പബ്ലിക്, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ബെലറൂസ്, ഇറാൻ, സ്വീഡൻ, ദക്ഷിണ കൊറിയ, ഖത്തർ, ഒമാൻ, ബഹ്റൈൻ, ന്യൂസിലൻഡ് എന്നീ രാജ്യക്കാർക്കാണ് സൗജന്യ ടൂറിസ്റ്റ് വിസ നൽകുന്നത്. പദ്ധതി വിജയിച്ചാൽ, ഭാവിയിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.