മനാമ: ലോകസമാധാനത്തിന് ഗാന്ധിയൻ ദർശനങ്ങളും ആശയങ്ങളുമാണ് ഏക മാർഗമെന്ന് മഹാത്മാ ഗാന്ധിയുടെ നൂറ്റിഅൻപത്തിയാറാം ജന്മദിനത്തോടനുബന്ധിച്ച് ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധിജയന്തി ദിനാഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
ലോകത്ത് ഇപ്പോൾ സംജാതമായിരിക്കുന്ന യുദ്ധസമാനമായ സാഹചര്യവും വർഷങ്ങളായി തുടരുന്ന യുദ്ധങ്ങൾ അടക്കം എല്ലായിടത്തും രാജ്യങ്ങൾ തമ്മിലും രാജ്യത്തെ ജനങ്ങൾ തമ്മിലും ഉണ്ടാകുന്ന സംഘർഷങ്ങളും ഇല്ലായ്മ ചെയ്യാൻ ഗാന്ധിജിയെ പഠിക്കുക, ജീവിതത്തിൽ ഗാന്ധിയൻ ദർശനങ്ങൾ പ്രാവർത്തികമാക്കുക എന്നതാണ് ചെയ്യേണ്ടത്.
സത്യത്തിനും നീതിക്കും വേണ്ടി സ്വന്തം ജീവിതം സമർപ്പിക്കുക എന്നതായിരുന്നു ഗാന്ധിജിയുടെ പരമമായ ലക്ഷ്യം. അതിന് വേണ്ടി സഹന സമരമാർഗങ്ങൾ ഗാന്ധിജി ലോകത്തിന് പരിചയപ്പെടുത്തി.
ഉപവാസവും പ്രാർഥനകളും മതങ്ങളുടെ ഉള്ളിൽ മാത്രമായിരുന്നു എങ്കിൽ, ഗാന്ധിജി അത് സമാധാനത്തിന് വേണ്ടി, സംയമനത്തിന്റെ മാർഗമായി എല്ലാ വിഭാഗങ്ങൾക്കും വേണ്ടി പ്രാവർത്തികമാക്കിയെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗം മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ദേശീയ ജനറൽ സെക്രട്ടറിമാരായ സുനിൽ ചെറിയാൻ, പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റുമാരായ നസിം തൊടിയൂർ, സിൻസൺ ചാക്കോ പുലിക്കോട്ടിൽ.
ഒ.ഐ.സി.സി നേതാക്കളായ റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, ചന്ദ്രൻ വളയം, സുരേഷ് പുണ്ടൂർ, സിജു പുന്നവേലി, ഷാനിദ് അലക്കാട്, നിജിൽ രമേശ്, ബിജുബാൽ, ബ്രയിറ്റ് രാജൻ എന്നിവർ ആശംസപ്രസംഗം നടത്തി. കെ.പി. കുഞ്ഞുമുഹമ്മദ്, അസീസ് മൂലാട്, അസീസ് പേരാമ്പ്ര, സന്തോഷ് കണ്ണൂർ, ഹബീബ്, വാജിദ്, തുളസിദാസ്, ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. യോഗത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും പ്രാർഥനയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.