മനാമ: 2023 ലെ ഗ്ലോബൽ യൂത്ത് ഡെവലപ്മെന്റ് ഇൻഡക്സിൽ ബഹ്റൈന് അറബ് ലോകത്ത് രണ്ടാം സ്ഥാനം. മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ മൂന്നാം സ്ഥാനം രാജ്യം നേടി. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ എന്നിവയിലുൾപ്പെടെയുള്ള യുവജനങ്ങളുടെ പുരോഗതിയുടെ അടിസ്ഥാനത്തിലാണ് ഇൻഡക്സ് തയാറാക്കുന്നത്.
183 രാജ്യങ്ങളിലെ യുവജന വികസനത്തെ സൂചിക വിലയിരുത്തുന്നു. യുവജനങ്ങളുടെ വികാസത്തിനും മാനവവിഭവശേഷി വികസനത്തിനും ബഹ്റൈൻ കൊടുക്കുന്ന പ്രാധാന്യത്തിന്റെ തെളിവാണ് സൂചികയിലെ മികച്ച സ്ഥാനമെന്നാണ് വിലയിരുത്തൽ. ഗവേഷണം, യുവാക്കളുമായി ബന്ധപ്പെട്ട സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നിവയിലെ പുരോഗതി സൂചിക പ്രതിഫലിപ്പിക്കുന്നു.
കോമൺവെൽത്ത് സെക്രട്ടേറിയറ്റും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസും ചേർന്ന് പ്രസിദ്ധീകരിച്ച 2023 ലെ റിപ്പോർട്ടിൽ യുവജനങ്ങളുടെ ക്ഷേമത്തിലും ശാക്തീകരണത്തിലും ആഗോളതലത്തിൽ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ എന്നിവയിലുൾപ്പെടെ രാജ്യം പുരോഗതി നേടി.
‘ഇക്ക്വാലിറ്റി ആൻഡ് ഇൻക്ലൂഷൻ മേഖലയിൽ മിഡിലീസ്റ്റും വടക്കേ ആഫ്രിക്കയും ഉൾപ്പെടുന്ന സെക്ടറിൽ ബഹ്റൈന് ഒന്നാം സ്ഥാനമാണ്. ‘തൊഴിൽ, അവസരങ്ങൾ’ എന്നിവയിൽ ഗൾഫിൽ ഒന്നാം സ്ഥാനവും രാജ്യം നേടി. ആഗോളതലത്തിൽ, ഈ രണ്ട് മേഖലകളിലും ബഹ്റൈൻ 11ാം സ്ഥാനത്തുണ്ട്. അഭിമാനാർഹമായ നേട്ടമാണ് രാജ്യം കൈവരിച്ചിരിക്കുന്നതെന്ന് ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (ഇ.ഡി.ബി) സ്ട്രാറ്റജി ചീഫ് നദ അൽ സഈദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.