മനാമ: രാജ്യത്തെ ഭൂഗർഭജല സംരക്ഷണത്തിന് കൃത്യമായ നടപടികളുമായി മുന്നോട്ടുപോകുകയാണ് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം. രാജ്യത്ത് നിലവിലുള്ള ഭൂഗർഭ കിണറുകൾ സംരക്ഷിക്കുകയാണ് ആദ്യ നടപടി. ഇതിന്റെ ഭാഗമായി ഇത്തരം കിണറുകളുടെ ഉടമകളോട് വിശദ വിവരങ്ങൾ പങ്കുവെക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുകയാണ്.
നവംബർ 30നകം വിവരങ്ങൾ റജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം. കിണറുകളുള്ള വസ്തുക്കൾ ഉപയോഗപ്പെടുത്തുന്നത് വാടകക്കെടുത്ത ഉടമകളോ ആളുകളോ ആണെങ്കിലും അവരുടെ മുഴുവൻ പേര്, സി.പി.ആർ നമ്പർ, ഫോൺ നമ്പർ, മേൽവിലാസം, ഇ-മെയിൽ വിലാസം എന്നിവ ഉൾപ്പെടെ വിവരങ്ങൾ മന്ത്രാലയത്തിന് നൽകണം.
സീരിയൽ നമ്പർ, നിലവിലുള്ള അവസ്ഥ, രേഖ അല്ലെങ്കിൽ ഉടമസ്ഥാവകാശ രേഖകൾ, കിണർ സ്ഥിതി ചെയ്യുന്ന വിലാസം, കിണറിന്റെ തരം, ജല ഉപയോഗം, കിണറിനെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ നൽകണം. മന്ത്രാലയവും കിണറുകളുടെ ഉടമകളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുകയും സുഗമമാക്കുകയും ചെയ്യേണ്ടതിനാൽ ആവശ്യമായ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടത് നിർണായകമാണെന്ന് മന്ത്രാലയം അറിയിക്കുന്നു.
ഭൂഗർഭജലത്തിന്റെ സുസ്ഥിര പരിപാലനം പരമ പ്രധാനമാണെന്നതിനാലാണ് കിണറുകളുടെ ഡേറ്റ അപ്ഡേറ്റ് ചെയ്യുന്നത്. നിലവിൽ ചെലവുകൂടിയ ഡീ സലൈനേഷൻ വഴിയാണ് ജലലഭ്യത ഉറപ്പാക്കുന്നത്. അതുകൊണ്ട് രാജ്യത്തെ പരമ്പരാഗതമായ എല്ലാ ശുദ്ധജല സ്രോതസ്സുകളും സംരക്ഷിക്കുകയെന്നത് പ്രധാനമായി മന്ത്രാലയം കാണുന്നു.
വിവിധ മേഖലകളിലെ അത്തരം കിണറുകളുടെ എല്ലാ ഉടമകളും നിയന്ത്രണങ്ങൾ പാലിക്കുകയും നവംബർ 30ന് ഗ്രേസ് പിരീഡ് അവസാനിക്കുന്നതിനു മുമ്പുതന്നെ പ്രാദേശിക അഗ്രികൾച്ചറൽ പ്രൊഡക്ഷൻ ഡയറക്ടറേറ്റിൽ അവരുടെ വിശദാംശങ്ങൾ സമർപ്പിക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഭൂഗർഭജലത്തിന്റെ ഉപയോഗം സംബന്ധിച്ച നിയമങ്ങളുടെയും ചട്ടങ്ങളുടെയും വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്നുള്ള പരിശോധനകളും നടക്കും. ഭാവി തലമുറകൾക്കായി കിണറുകൾ സംരക്ഷിക്കാനും ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ.
കിണറുകൾ രജിസ്റ്റർ ചെയ്യുന്നതിനോ വിവരങ്ങൾ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യുന്നതിനോ വേണ്ടി, ഉടമകൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ mun.gov.bh സന്ദർശിച്ച് ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കണം. അന്വേഷണങ്ങൾക്ക് 17987085 അല്ലെങ്കിൽ 17987068 എന്ന നമ്പറിൽ വിളിച്ച് ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെ മന്ത്രാലയവുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.